അഷ്റഫുമാർ ഒന്നിച്ചപ്പോൾ പിറന്നത് ലോക റെക്കോർഡ്

Monday 06 February 2023 1:17 AM IST
യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ 'ലാർജസ്റ്റ് സെയിം നെയിം ഗാദറിംഗ് 'കാറ്റഗറിയുടെ യു.ആർ.എഫ് വേൾഡ് റെക്കോർഡിനായി അഷറഫ് കൂട്ടായ്മ ബീച്ചിൽ അണിനിരന്നപ്പോൾ ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മലയാളികളായ അഷ്റഫുമാർ ബീച്ചിൽ അണിനിരന്ന് റെക്കോർഡ് നേടി. യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ 'ലാർജസ്റ്ര് സെയിം നെയിം ഗാദറിംഗ് 'കാറ്റഗറിയുടെ യു.ആർ.എഫ് വേൾഡ് റെക്കോർഡാണ് 2537 അഷ്റഫുമാരെ അണിനിരത്തിക്കൊണ്ട് അഷ്റഫ് കൂട്ടായ്മ കരസ്ഥമാക്കിയത്.

കേരളത്തിലെ അഷ്റഫുമാർ ബീച്ചിൽ ഒരുക്കിയ 'അഷറഫ്' എന്നെഴുതിയ നെയിം ബോർഡിൽ അണിനിരന്നത് കൗതുകമുണർത്തുന്നതായിരുന്നു. ഒരേ പേരിലുള്ള ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ചതിന്റെ റെക്കോർഡ് നിലവിൽ റഷ്യക്കാരുടെ പേരിലാണ്. കുബോസ്കി എന്ന പേരിലുള്ള 2325 പേരാണ് അതിൽ പങ്കെടുത്തത്. ഇവരുടെ റെക്കോർഡാണ് അഷ്റഫ് കൂട്ടായ്മ തകർത്തത്. ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ സംസ്ഥാന മഹാസംഗമം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അഷ്റഫ് മൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. മനരിക്കൽ അഷ്റഫ് ,പത്തറക്കൽ അഷ്റഫ് ,ഐ.പി അഷ്റഫ് ,വലിയാട്ട് അഷ്റഫ് ,താണിക്കൽ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു.വിന്നർ ഷെരീഫ്, അനീഷ് സെബാസ്റ്റ്യൻ, എന്നിവർ നിരീക്ഷകരായിരുന്നു. 2018 ൽ തിരൂരങ്ങാടിയിൽ അഷ്റഫ് എന്ന പേരിലുള്ള അഞ്ച് സുഹൃത്തുക്കൾ കൂടി ആരംഭിച്ച അഷ്റഫ് കൂട്ടായ്മ വെറും നാലു വർഷംകൊണ്ടാണ് എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ ഉണ്ടാക്കിയത്. ഇതിനിടെ നിരവധി കാരുണ്യ പ്രവർത്തങ്ങൾ നടത്താൻ അഷ്റഫ് കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

Advertisement
Advertisement