കോഴിക്കോട് നിന്നെത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ച് 'മന്ത്രിയപ്പൂപ്പൻ'
തിരുവനന്തപുരം: സ്‌കൂൾ പഠന യാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കോഴിക്കോട് ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കൊരു മോഹം. മന്ത്രിയപ്പൂപ്പനെ കാണണം. സാധിച്ചു കൊടുക്കാമെന്ന് അദ്ധ്യാപകർ ഏറ്റു. അങ്ങനെ ശനിയാഴ്ച രാവിലെ മന്ത്രിയപ്പൂപ്പനെ കാണാൻ ഒൗദ്യോഗിക വസതിയായ റോസ്ഹൗസിൽ എത്തിയ കുട്ടികളെ മധുരം നൽകിയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ചത്. സംഘത്തിൽ 44 കുട്ടികളും 14 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. മന്ത്രിയോട് കുശലംപറഞ്ഞ കുട്ടികൾ ഫോട്ടോയുമെടുത്താണ് മടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയ സംഘം പത്മനാഭ സ്വാമി ക്ഷേത്രം, പത്മനാഭപുരം പാലസ്, കന്യാകുമാരി, വിവേകാനന്ദ പാറ, തൃവേണി സംഗമം തുടങ്ങിയവ സന്ദർശിച്ച ശേഷമാണ് ശനിയാഴ്ച രാവിലെയോടെ മന്ത്രിയെകാണാൻ എത്തിയത്. തുടർന്ന് നിയമസഭയും മ്യൂസിയവും വേളിയും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
ലഹരി വസ്തുക്കൾക്കെതിരെയുള്ള സർക്കാരിന്റെ 'നോ ടു ഡ്രഗ്സ്' ക്യാമ്പയിന്റെ ഭാഗമായി എ.യു.പി സ്‌കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട 'ഉണർന്നിരിക്കുക, ഉയർന്നിരിക്കുക' എന്ന സംഗീത ശിൽപ്പം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്‌പെഷ്യൽ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് സ്‌കൂൾ തയ്യാറാക്കിയ പത്രത്തിന് പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.