ഈ ഭക്ഷണം കഴിച്ചിറങ്ങിയാൽ നിങ്ങൾക്ക് ചാമ്പ്യന്മാരെ തോൽപ്പിക്കാനാകില്ല, വസീം അക്രത്തിന്റെ മുന്നറിയിപ്പിൽ ഞെട്ടി പാക് താരങ്ങൾ
ലോകകപ്പ് മത്സരത്തിനിടെ പാക് ക്രിക്കറ്റ് താരങ്ങൾക്ക് മുന്നറിയിപ്പുമായി മുൻ ടീം ക്യാപ്റ്റൻ വസിം അക്രം രംഗത്ത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഭക്ഷണ മെനുവിനെതിരെയാണ് ആക്രം രംഗത്തെിയത്. ബിരിയാണി കഴിച്ച് ഒരിക്കലും നിങ്ങൾ കളിക്കാൻ ഇറങ്ങരുതെന്നും, ബിരിയാണി കഴിച്ച് കളിക്കാനിറങ്ങിയാൽ നിങ്ങള്‍ക്ക് ചാമ്പ്യന്മാരെ തോൽപ്പിക്കാൻ കഴിയില്ലെന്നും താരം ഉപദേശിക്കുന്നു.
പാകിസ്ഥാൻ ക്രിക്കറ്ര് താരങ്ങളുടെ ഭക്ഷണ മെനുവിൽ ബിരിയാണി ഉണ്ടെന്നും അത് ശരിയായ ഡയറ്റിന് യോജിച്ചതല്ലെന്നുമാണ് അക്രം വ്യക്തമാക്കുന്നത്. ബിരിയാണി കഴിച്ചിറങ്ങിയാൽ ഫീൽഡിങ്ങിൽ ശ്രദ്ധിക്കാൻ കഴിയില്ല. പാകിസ്ഥാൻ ടീമിന്റെ അലസ സമീപനത്തിന് ബിരിയാണി ഒരു പരിധി വരെ കാരണമായേക്കുമെന്നും അക്രം മുന്നറിയിപ്പ് നൽകുന്നു.
നേരത്തെ പാക് താരങ്ങളുടെ ശാരീരികക്ഷമതയിലും ഫീൽഡിങ് നിലവാരത്തിലും കോച്ച് മിക്കി ആർതർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അക്രം ബിരിയാണി പ്രേമത്തെ വിമർശിച്ച് രംഗത്തെത്തിയത്. എണ്ണയും എരിവും ഏറെയുള്ള ഭക്ഷണം വയറിന് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അത് കഴിച്ച ഉടനെ മത്സരത്തിനിറങ്ങുമ്പോൾ ഓട്ടത്തിനെയും ശരീരചലനങ്ങളെയും സാരമായി ബാധിക്കുമെന്നും ഡയറ്റീഷ്യൻമാരും വ്യക്തമാക്കുന്നുണ്ട്. മുൻ ക്യാപ്റ്റന്റെ ഉപദേശം പാക് താരങ്ങൾ സ്വീരിക്കുമോ എന്ന് ഇനി മത്സരങ്ങളിലൂടെ കണ്ടറിയാം.