വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Monday 06 February 2023 1:26 AM IST

തിരുവനന്തപുരം: വീട്ടിലെ വാട്ടർ പമ്പിന്റെ സ്വിച്ചിൽ നിന്നു ഷോക്കേറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പേട്ട, പഴയ ബിവറേജസ് റോഡ്, വിളയിൽ വീട്ടിൽ, ടി.സി 93/2237(1)ൽ പ്രതാപ് ചന്ദ്രന്റെയും ബിന്ദു പ്രതാപിന്റെയും മകൻ അർജുൻ പ്രതാപിന് (14) ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

പമ്പിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നതിനായി ഇരുമ്പ് ഗോവണിയിലൂടെ മുകളിലെ നിലയിൽ കയറിയ അർജുനനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പിതാവ് കയറി നോക്കിയപ്പോഴാണ് ഷോക്കേറ്റ് നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈയിൽ നനവോടെ സ്വിച്ചിൽ തൊട്ടപ്പോൾ ഷോക്കേറ്റതാകാമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ പഴയ വയറിംഗ് ആയതിനാൽ ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നും പ്രാഥമിക നിഗമനമുണ്ട്. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരി: അപർണ പ്രതാപ്.