ഡോക്ടർ ഇല്ലാതെ 344 ഒഴിവുകൾ, മെഡി.കോളേജുകളിൽ പഠനവും ചികിത്സയും പ്രതിസന്ധിയിലേക്ക്

Monday 06 February 2023 12:40 AM IST

ഏപ്രിലിൽ വിരമിക്കുന്നത് 41 ഡോക്ടർമാർ

തിരുവനന്തപുരം: രോഗികളുടെ ചികിത്സയെയും വിദ്യാർത്ഥികളുടെ പഠനത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് 344ആയി ഉയരുന്നു.

നിലവിൽ 303 ഡോക്ടർമാരുടെ കുറവുണ്ട്. വരുന്ന ഏപ്രിലിൽ നാല്പത്തിയൊന്നുപേർ കൂടി വിരമിക്കുന്നതോടെ ഒഴിവുകൾ 344ആയി ഉയരും. സംവരണനിയമനങ്ങളിലെ പ്രതിബന്ധവും സ്ഥാനക്കയറ്റത്തെ ചൊല്ലിയുള്ള കേസുകളും സർക്കാരിന്റെ നിസംഗതയുമാണ് സ്ഥിതി ഇത്രയും മോശമാക്കിയത്.

പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ വിഭാഗങ്ങളിലായി മൊത്തം1245തസ്തികയാണുള്ളത്. ഇവരിൽ
10ശതമാനം പേർ ദീർഘകാല അവധിയിലും അഞ്ചു ശതമാനം പേർ ഉന്നത പഠനത്തിനുള്ള അവധിയിലുമാണ്. ഇതിനു പുറമേയാണ് 344 പേരുടെ കുറവ്.

ജോയിന്റ് ഡി.എം.ഇ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌പെഷ്യൽ ഓഫീസർ,

തിരുവനന്തപുരം,ആലപ്പുഴ,കോഴിക്കോട്,വയനാട് മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാർ എന്നിവരുൾപ്പെടെയാണ് ഈ വർഷം വിരമിക്കുന്നത്. അസോസിയേറ്റ് പ്രൊഫസർമാരുടെ നിയമനം കാര്യക്ഷമമായി നടന്നിട്ട് അഞ്ചുവർഷത്തിലേറെയായി.

നീണ്ടുപോകുന്ന നിയമനത്തർക്കം

1. അസി. പ്രൊഫസർമാർക്ക് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകുന്നതിലെ തർക്കമാണ് പ്രധാന പ്രശ്നം. ഇതുകാരണം എൻട്രി കേഡറിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം പൂർണമായി നടത്താനും ബുദ്ധിമുട്ട് നേരിടുന്നു.

2. സർവീസിലെത്തിയശേഷം പി.ജി നേടിയവർക്ക് അതിനുശേഷമുള്ള സർവീസ് മാത്രമേ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാവൂ എന്നാണ് പി.ജിയുമായി സർവീസിലെത്തിയവരുടെ വാദം. സ്ഥാനക്കയറ്റിന് പി.ജി മാനദണ്ഡമാക്കരുതെന്നാണ് മറുവാദം. സർക്കാരിനും ഇതിനോട് യോജിപ്പുണ്ടെന്നാണ് അറിയുന്നത്.

3. വിഷയം കോടതികയറിയപ്പോൾ, കൃത്യമായ നിലപാട് യഥാസമയം അറിയിക്കാതെ സർക്കാർ ഒഴിഞ്ഞുമാറിയത് കേസ് നീണ്ടുപോകാൻ ഇടയാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുതൽ സുപ്രീം കോടതിവരെ കേസ് നടക്കുകയാണ്.

സംവരണ കുരുക്ക്

അസി.പ്രൊഫസർ തസ്തികയിലെ സംവരണ ഒഴിവിലേക്ക് യോഗ്യരായ അപേക്ഷകർ ഇല്ലാത്തതും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓരോ വർഷവും അപേക്ഷ വിളിക്കും. എന്നാലും ഫലമുണ്ടാകില്ല.15 വർഷമായി ഈ സ്ഥിതി തുടരുകയാണ്.

`

എസ്.സി,എസ്.ടി ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ ആ ഒഴിവുകൾ മറ്റു വിഭാഗങ്ങൾക്കായി മാറ്റാൻ കഴിയില്ല.എന്നാൽ ഒ.ബി.സി ഉൾപ്പെടെയുള്ള മറ്റു സംവരണ ഒഴിവുകളിലേക്ക് യോഗ്യരായവർ ഇല്ലെങ്കിൽ മൂന്നു തവണ നോട്ടിഫൈ ചെയ്തശേഷം

ജനറൽ സീറ്റിലേക്ക് മാറ്റുന്നതിന് തടസമില്ല. എല്ലാ നിയമനങ്ങൾക്കുമുള്ള ചട്ടമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ബാധകം.

ഡോ.കെ.എസ്.രാധാകൃഷ്ണൻ

മുൻ ചെയർമാൻ, പി എസ് സി

#തസ്തികയും ഒഴിവും

പ്രൊഫസർ............................................ 228.............. 30

അസോ.പ്രൊഫസർ........................... 228............. 73

അസി.പ്രൊഫസർ................................ 789.......... 200

'മാദനണ്ഡങ്ങൾ അനുസരിച്ച് സ്ഥാനക്കയറ്റം നടത്തിയാൽ നിലവിലെ പ്രശ്നങ്ങൾ അവസാനിക്കും. സംവരണ സീറ്റുകൾ നികത്തുന്നതിലും മാറ്റം വേണം.അല്ലെങ്കിൽ ജനങ്ങൾക്ക് ലഭിക്കേണ്ട ഡോക്ടറുടെ സേവനമാണ് നഷ്ടപ്പെടുന്നത്.

ഡോ.അജിത് പ്രസാദ്

പ്രസിഡന്റ്,

കേരള ഗവ.പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ

Advertisement
Advertisement