ഡ്യൂപ്ളിക്കേറ്റ് അശ്വിനുമായി ഇന്ത്യയെ നേരിടാൻ ഓസീസ്

Monday 06 February 2023 12:51 AM IST

നാഗ്പുർ : ബോർഡർ-ഗാവസ്‌കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പുരിൽ തുടങ്ങുകയാണ്. നാലു ടെസ്റ്റുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിക്കുന്നത്. ഇന്ത്യയിലെത്തിയ ഓസ്ട്രേലിയയ്ക്ക് പേടി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെയാണ്. ബെംഗളൂരുവിലാണ് ടീമിന്റെ പരിശീലനം. അശ്വിനെ എതിരിടാൻ പ്രത്യേക പരിശീലനമാണ് ഓസീസ് ബാറ്റർമാർ ഒരുക്കിയിരിക്കുന്നത്.

അശ്വിനെ എതിരിടാൻ അശ്വിന്റെ ശൈലിയിൽ പന്തെറിയുന്ന 21-കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ നെറ്റ്സിലെ പരിശീലനത്തിന് ഉപയോഗിക്കുന്നത്. അശ്വിന്റെ ബൗളിംഗിനോട് ഏറെ സാമ്യമുണ്ട് മഹേഷ് പിത്തിയക്ക്. മഹേഷ് ബൗൾ ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടതിനെത്തുടർന്നാണ് ഓസ്ട്രേലിയ താരത്തെ ബംഗളൂരുവിലെ കെ.എസ്.സി.എ. ഗ്രൗണ്ടിലെ ക്യാമ്പിലേക്ക് വിളിപ്പിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡയ്ക്കുവേണ്ടി കഴിഞ്ഞ ഡിസംബറിൽ കളിച്ച മഹേഷ് അശ്വിന്റെ ആരാധകൻ കൂടിയാണ്. നെറ്റ്സിൽ ഓസ്ട്രേലിയൻ താരങ്ങൾക്ക് പന്തെറിയുന്ന ഗുജറാത്തുകാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നേരത്തേ, നിത്യചെലവിനായി ചായക്കച്ചവടം നടത്തുകയായിരുന്നു മഹേഷിന്റെ ജോലി.

ഓസ്ട്രേലിയൻ താരങ്ങൾക്കെതിരേ നെറ്റ്സിൽ ബൗൾ ചെയ്യാനായത് ഭാഗ്യമാണെന്ന് മഹേഷ് പറഞ്ഞു . സ്റ്റീവ് സ്മിത്ത് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരേയാണ് ബൗൾ ചെയ്തത്. സ്മിത്ത് എന്റെ ബൗളിംഗിനെ അഭിനന്ദിച്ചെന്നും അശ്വിന്റെ ബൗളിംഗിൽ നിന്നാണ് താൻ തന്ത്രങ്ങൾ പഠിച്ചതെന്നും മഹേഷ് പിത്തിയ പറഞ്ഞു.

Advertisement
Advertisement