കേരള ലോട്ടറിയുടെ മറവിൽ ഓൺലൈൻ ബമ്പർ തട്ടിപ്പ് , 76 കേസുകൾ , തട്ടിപ്പ് കാര്യമാക്കാതെ പൊലീസ്

Monday 06 February 2023 1:02 AM IST

തിരുവനന്തപുരം: കേരള ബമ്പർ ലോട്ടറി എന്ന കള്ളപ്പേരിൽ ഉത്തരേന്ത്യ കേന്ദ്രമാക്കി മാഫിയ സംഘങ്ങൾ നടത്തുന്ന ഓൺലൈൻ ലോട്ടറി തട്ടിപ്പ് പെരുകുന്നു. സംസ്ഥാന ലോട്ടറിയുടെ വിശ്വാസ്യത മുതലെടുത്ത് ഒറ്റനമ്പർ, മടുക്ക, ഓൺലൈൻ, സ്ക്രാച്ച് ആൻഡ് വിൻ തുടങ്ങിയ പേരുകളിലാണ് തട്ടിപ്പ്. ഇതിനുള്ള സിം കണക്ഷനുകൾ എടുത്തിരിക്കുന്നത് ഉത്തരേന്ത്യയിൽ നിന്ന് വ്യാജമേൽവിലാസങ്ങൾ ഉപയോഗിച്ചാണ്.

ഒരു വർഷത്തിനിടെ കേരളത്തിൽ 76 കേസുകളാണ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്തത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ. അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ് ഇരകൾ. വിരലിലെണ്ണാവുന്നവരുടെ അറസ്റ്റൊഴികെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. 25 കോടി, 10 കോടി, 75 ലക്ഷം, 25 ലക്ഷം, സമാശ്വാസ സമ്മാനങ്ങളാണ് വാഗ്ദാനം.

തട്ടിപ്പിന്റെ 3 വഴികൾ

1.ഓൺലൈൻ

ബുക്ക് യുവർ ടിക്കറ്റ് ഡോട്ട് നെറ്റ്, കേരള ഓൺലൈൻ ലോട്ടറി തുടങ്ങിയ വ്യാജ സൈറ്റുകൾ വഴിയാണ് തട്ടിപ്പ്. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനിലാണ് തുടക്കം. ഫോൺനമ്പരും വിവരങ്ങളും നൽകുന്നവർക്ക് ടിക്കറ്റുവില ഗൂഗിൾപേ വഴിയോ ഓൺലൈനായോ അടയ്ക്കാം. സർക്കാർ മുദ്ര, ക്യൂ.ആർ കോഡ് എന്നിവയുള്ള ടിക്കറ്റ് ഓൺലൈനിലോ തപാലിലോ ലഭിക്കും. പ്രൈസ് അടിച്ചെന്ന് അറിയിക്കും. സമ്മാനത്തുകയ്ക്കായി ജി.എസ്.ടി ഉൾപ്പെടെ മുൻകൂർ അടയ്ക്കണമെന്ന് കാണിച്ചും പണം തട്ടും.

2.ഒറ്രനമ്പർ - മടുക്ക

സംസ്ഥാന ലോട്ടറിയുടെ ഒന്നാംസമ്മാന ടിക്കറ്റിന്റെ അവസാന ഒരക്ക, (ഒറ്രനമ്പർ) മൂന്നക്ക (മടുക്ക) പ്രവചനത്തിന് സമ്മാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണിത്.

3.സ്ക്രാച്ച് ആൻഡ് വിൻ

ഓൺലൈൻ ലോട്ടറി സ്ക്രാച്ച് ചെയ്യുമ്പോൾ കാണുന്ന സമ്മാനത്തുക ഓഫർ ചെയ്തുള്ള തട്ടിപ്പാണിത്. അരലക്ഷം മുതലുള്ള സമ്മാനത്തിന് പ്രോസസിംഗ് ചാർജ്, മുൻകൂർ നികുതി തുടങ്ങിയ പേരുകളിൽ പണം തട്ടും.

ഓൺലൈൻ നറുക്കിൽ പ്രൈസ് അടിച്ചെന്ന് വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ടിക്കറ്റിന്റെ ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്നവർ പ്രൈസ് മണിക്ക് സംസ്ഥാനത്തെ ലോട്ടറി ഓഫീസിലെത്തുമ്പോഴാണ് തട്ടിപ്പ് ബോദ്ധ്യപ്പെടുക. പേപ്പർ ലോട്ടറി മാത്രമാണ് സ‌ർക്കാരിനുള്ളത്. സമ്മാനത്തുകയ്ക്ക് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കുകയും വേണം.

''പേപ്പർ ലോട്ടറികൾ മാത്രമുളള ലോട്ടറി വകുപ്പിന് ഓൺലൈൻ വ്യാപാരമില്ല. സ്ത്രീകളുൾപ്പെടെ തട്ടിപ്പിനിരയായെത്തുന്നുണ്ട്. തട്ടിപ്പിന് കൂട്ടുനിന്ന കേരള ലോട്ടറിയുടെ മലപ്പുറത്തെ 22 ഏജൻസികൾ റദ്ദാക്കി.

ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ

''ഒറ്രനമ്പർ തട്ടിപ്പിന് മൊബൈൽ ആപ്പ് തയ്യാറാക്കിയ എൻജിനീയറിംഗ് ബിരുദധാരിയായ മലപ്പുറം സ്വദേശി ഷഹിൽ (25),തിരൂർ സ്വദേശി അഹമ്മദ് ഷാഫി (36), തൃപ്രങ്ങോട് അബ്ദുൾ ഗഫൂർ (43) എന്നിവർ അറസ്റ്റിലായി. 50 ലക്ഷത്തിന്റെ തട്ടിപ്പിൽ മൂവരും റിമാൻഡിലാണ്.

-- കരുണാകരൻ,

അസി. കമ്മിഷണർ,

സൈബർ ക്രൈം സ്റ്റേഷൻ