പ്രഥമ ശ്രീനാരായണ സപ്താഹത്തിന് തിരി തെളിഞ്ഞു

Monday 06 February 2023 1:28 AM IST

തിരുവനന്തപുരം: പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ഗുരുദേവ കൃതികളെ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്തത് ഗുരുവിന്റെ ആശയം സാധാരണക്കാരിലും എത്തിക്കുന്നതിന് വേണ്ടിയാണെന്ന് ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ. വേദാന്ത പണ്ഡിതൻ പ്രൊഫ. ജി.ബാലകൃഷ്ണൻ നായരുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് ആശാൻ അക്കാഡമിയും ശ്രീനാരായണ ഗുരു വിശ്വ സംസ്കാര ഭവനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ശ്രീനാരയണ ദർശന സപ്താഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും എല്ലാവരെയും അംഗീകരിക്കാൻ തയ്യാറാകുന്നതിലൂടെ സമൂഹത്തിലെ വർത്തമാനകാല സംഘർഷങ്ങളെ ദൂരീകരിക്കാൻ കഴിയും. തന്നെ കേൾക്കുന്നവരുടെ ജീവിത വീക്ഷണത്തിൽ അനുകൂലമായ മാറ്റം ഉണ്ടാക്കുന്നതായിരുന്നു പ്രൊഫ. ജി. ബാലകൃഷ്ണന്റെ വാക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാൻ അക്കാഡമി പ്രസിഡന്റ് പ്രൊഫ. എം.ആർ സഹൃദയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ നിധിയെന്നത് ഗുരുദേവ കൃതികളാണെന്നും അതിന്റെ സത്ത് പകർന്നു നൽകാൻ ഈശ്വരനയച്ച ദൈവപുത്രനാണ് പ്രൊഫ. ജി. ബാലകൃഷ്ണനെന്നും വിശ്വസംസ്കാര ഭവൻ മഠാധിപതി സ്വാമി ശങ്കരാനന്ദ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. അക്കാഡമി വൈസ് പ്രസിഡന്റ് ഒ.പി വിശ്വനാഥൻ,സെക്രട്ടറി പൂതംകോട് ഹരികുമാർ,സപ്താഹാചാര്യൻ ബി.ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സപ്താഹം 11ന് സമാപിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അന്തരിച്ച ഗായിക വാണി ജയറാമിന് ആദരാഞ്ജലി അർപ്പിച്ചു.

Advertisement
Advertisement