യുവാക്കളിൽ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക കേന്ദ്രനയം: വി.മുരളീധരൻ

Monday 06 February 2023 1:30 AM IST

തിരുവനന്തപുരം: യുവാക്കളിൽ സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയാണ് കേന്ദ്രനയമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ നടന്ന ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണ സഭയുടെ 42-ാം സംസ്ഥാന സമ്മേളനത്തിൽ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൈപുണ്യവികസനത്തിൽ ലോകത്തിന്റെ തലസ്ഥാനമായി രാജ്യം മാറുകയാണ്. യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികൾ കേന്ദ്ര ബഡ്ജറ്റിലുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവാക്കളെ രാഷ്ട്രനിർമ്മാണത്തിൽ മുഖ്യ പങ്കാളികളാക്കുകയാണ് നയം. നേതാക്കളുടെ ബന്ധുക്കൾക്കല്ല,അർഹതയുള്ളവർക്ക് തൊഴിൽ നൽകുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ നിലപാടെന്ന് വി.മുരളീധരൻ പറഞ്ഞു. യൂത്ത്മൂവ്മെന്റ് രക്ഷാധികാരി ഡോ. എം. യോഗേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഗിരിരാജൻ,യമുന വിദ്യാപീഠം ഡയറക്ടർ എൽ.ആർ പോറ്റി,ഉപമുഖ്യ രക്ഷാധികാരി ഡോ. ബി. ഗോവിന്ദൻ,കൗൺസിലർ കെ.കെ സുരേഷ്,സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന വനിതാ സമ്മേളനം കവടിയാർ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. കവി ഒ.എൻ.വി കുറുപ്പിന്റെ മകളും കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ആൻഡ് റോബോട്ടിക് സർജനുമായ ഡോ. മായാദേവി കുറുപ്പ്,ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണ മഹിളാ സമാജം പ്രസിഡന്റ് ഡോ. കെ. രുഗ്മിണി തുടങ്ങിയവർ പങ്കെടുത്തു.

 മൊമന്റോ വേണ്ട ബുക്ക് മതി

തനിക്ക് ഉപഹാരമായി മൊമന്റോ പോലുള്ള വസ്തുക്കൾ വേണ്ടെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണ സഭയുടെ ഉപഹാരം നിരസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. പുസ്തകമോ പേനയോ മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രമോ സമ്മാനമായി നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും അത്തരം സമ്മാനങ്ങൾ നൽകാൻ എല്ലാ സംഘാടകരും ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.