പ്ലീനറി സമ്മേളനം ഇന്ത്യൻ രാഷ്ട്രീയം മാറ്റിമറിക്കും: കെ.സി വേണുഗോപാൽ
ന്യൂഡൽഹി:റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനം 24 മുതൽ 26വരെ റായ്പൂരിൽ നടക്കുമെന്നും അതിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് റായ്പൂരിലെത്തിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി രാജ്യത്ത് കള്ളം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവർ ജോഡോ യാത്രയെ കുറിച്ചും പ്രചാരണം നടത്തി. പക്ഷേ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പരിപാടിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. റായ്പൂർ വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ,പവൻ ബൻസാൽ,താരിഖ് അൻവർ എന്നിവരടങ്ങിയ സംഘത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ,കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ മോഹൻ മർകവ്,സംസ്ഥാന മന്ത്രിമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്ലീനറി സമ്മേളന വേദിയായ നവ റായ്പൂരിലെ രാജ്യോത്സവ സ്ഥൽ സന്ദർശിച്ച സംഘം സമ്മേളനത്തിന്റെ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.