ബഡ്‌ജറ്റ് പ്രവാസികളെ എരിതീയിലാക്കി: കെ.സുധാകരൻ

Monday 06 February 2023 2:14 AM IST

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് പ്രവാസികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരൻ എം.പി പറഞ്ഞു. പ്രവാസി ലോകത്ത് ബഡ്ജറ്റിനെതിരേ ആഞ്ഞടിക്കുന്ന വികാരം മനസിലാക്കാൻ കരിമ്പൂച്ചകൾക്കിടയിൽ നിന്ന് മുഖ്യമന്ത്രി വല്ലപ്പോഴും പുറത്തുവരണം. പ്രതിഷേധം കണക്കിലെടുത്ത് സർക്കാർ ബഡ്ജറ്റ് അന്തിമമാക്കുന്നതിനു മുമ്പ് ഉദാരപൂർവമായ സമീപനം സ്വീകരിക്കണമെന്നും സുധാകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് സ്ഥിരമായി ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കുമെന്നാണ് ഒരുപ്രഖ്യാപനം. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഉൾപ്പെടെ വേണ്ട ഈ പദ്ധതി കെ റെയിൽപോലെ അപ്രായോഗികമാണ്. ഒന്നിലധികം വീടുള്ളവർക്കും അടച്ചിട്ടിരിക്കുന്ന വീടുകൾക്കും ഏർപ്പെടുത്തുന്ന കെട്ടിടനികുതി ഏറ്റവുമധികം ബാധിക്കുക പ്രവാസികളെയാണ്. ഭൂമിയുടെ ന്യായവില വർദ്ധനവും ഇവരെ സാരമായി ബാധിക്കുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.