ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ച താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ

Monday 06 February 2023 2:16 AM IST

തൃശൂർ : ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്കാലിക ഇലക്ട്രീഷ്യൻ ശ്രീനാരായണപുരം ആല സ്വദേശി ദയാലാലിനെയാണ് തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സമീപവാസിയാണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. യുവതിയെ കൊണ്ടുപോയ ആംബുലൻസിൽ കയറിയ ദയാലാൽ ബന്ധുവെന്ന വ്യാജേന മെഡിക്കൽ കോളേജിൽ തങ്ങിയാണ് പീഡിപ്പിച്ചത്. അവശനിലയിലായിരുന്ന യുവതി നഴ്‌സിനോട് വിവരം പറഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ വാർഡിൽ നിന്നും പുറത്താക്കി,​ പൊലീസിൽ വിവരമറിയിച്ചു. കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ ഇന്നലെ വൈകീട്ട് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. ഇതിനിടെ, ദയാലാലിനെ രക്ഷപ്പെടുത്താൻ താലൂക്ക് ആശുപത്രിയിലെ ചിലർ ശ്രമിച്ചതായി ആരോപണവും ഉയർന്നു.