പ്ലാസ്റ്റിക് വള്ളികൾ ഇനി വലിച്ചെറിയേണ്ട, മനോഹര വസ്തുക്കളാക്കാൻ മനോഹരനുണ്ട്

Tuesday 07 February 2023 12:24 AM IST

കൊച്ചി: ഉപയോഗശേഷം കുപ്പയിൽ എറിയുന്ന പ്ലാസ്റ്രിക് വള്ളികൾ ശേഖരിച്ച് മൂല്യവർദ്ധിത വസ്തുക്കളാക്കുന്ന മനോഹരൻ മറൈൻഡ്രൈവിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് ഒരുക്കിയ ഗ്ലോബൽ എക്സ്പോയിൽ താരമായി.

വലിയ പാഴ്സൽ ബോക്സുകളും ടൈലുമൊക്കെ സുരക്ഷിതമായി കെട്ടിക്കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കട്ടികൂടിയ പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് പായ, പരമ്പ്, വട്ട മുറം, കൊമ്പുമുറം, തൊപ്പിക്കുട, പൂവട്ടി, കുട്ട തുടങ്ങിയ വസ്തുക്കളാണ് മനോഹരൻ നെയ്തുണ്ടാക്കുന്നത്.

കൊപ്രാക്കളത്തിൽ തേങ്ങ പൊതിക്കുന്ന ജോലിയാണ് മനോഹരന്റെ ഉപജീവന മാർഗം. അതിനിടെ വീണുകിട്ടുന്ന സമയത്ത് പാതയോരങ്ങളിലും കുപ്പയിലും കിടക്കുന്ന പ്ലാസ്റ്റിക് വള്ളികൾ ശേഖരിച്ച് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കും. ഒറ്റനോട്ടത്തിൽ ഇറ്റപ്പൊളിയിൽ നിർമ്മിച്ച വസ്തുക്കളെന്നേ തോന്നൂ. എന്നാൽ ഈറ്റയേക്കാൾ ഈടുറ്റതാണുതാനും.

പ്ലാസ്റ്റികിനെതിരെയുള്ള പോരാട്ടമാണ് മനോഹരന്റേത്. നെയ്തുണ്ടാക്കുന്ന ഉത്പ്പന്നങ്ങൾക്ക് 50 മുതൽ 500 രൂപവരെയാണ് വില. ആവശ്യക്കാരും ഏറെയുണ്ട്. എത്ര നെയ്താലും വിറ്റുപോകും. പക്ഷേ 6 അടിനീളവും 4 അടി വീതിയുമുള്ള ഒരുപായ നെയ്യാൻ മൂന്ന് ദിവസം വേണം. അതിന് കിട്ടുന്ന കൂലിയാകട്ടെ പരമാവധി 500 രൂപ. ആ മൂന്ന് ദിവസം വേറെ ജോലിക്ക് പോയാൽ 3000രൂപ കൂലി കിട്ടില്ലേയെന്ന് ചോദിച്ചാൽ പണത്തേക്കാൾ വലുതല്ലേ പരിസ്ഥിതിയെന്ന മറുചോദ്യമാണ് മനോഹരനുള്ളത്.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മനോഹരൻ ജനിച്ചുവളർന്ന നാട്ടിലെ ഗ്രാമപഞ്ചായത്തോ മറ്റേതെങ്കിലും സർക്കാർ ഏജൻസികളൊ ഈ ദൗത്യത്തിന് പിന്തുണ നൽകിയിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിൽ മനോഹരന്റെ സേവനം മാനിച്ച് പി.വി. തമ്പി ഫൗണ്ടേഷൻ 2021ൽ അവാർഡ് നൽകി ആദരിച്ചിരുന്നു. കേരളത്തിന്റെ ഏത് ഭാഗത്തും ആവശ്യക്കാർ വിളിച്ചാൽ അവിടെയെത്തി നെയ്ത്തുപരിശീലനം നൽകാമെന്ന് മനോഹരൻ പറഞ്ഞു.

കുറഞ്ഞത് 5 ദിവസത്തെ പരിശീലനം വേണ്ടിവരും. താമസവും ഭക്ഷണവും യാത്രചെലവും മാത്രമെ ആവശ്യപ്പെടാറുള്ളു. ഇടുക്കിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഹരിതകർമ്മസേനയ്ക്ക് ഇതിനോടകം പരിശീലനം നൽകിയിട്ടുണ്ട്. മലപ്പുറം നടുവട്ടം സ്വദേശിയാണ് കടയംകുളങ്ങരവീട്ടിൽ മനോഹരൻ എന്ന എടപ്പാൾ മനോഹരൻ (62). ഫോൺ: 9656319445.

Advertisement
Advertisement