വി ഐ ടിയിൽ ഗവേഷണപ്പാർക്കും ഹോസ്‌റ്റൽ സമുച്ചയവും തുറന്നു

Tuesday 07 February 2023 1:37 AM IST

വെല്ലൂർ: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി) കാമ്പസിൽ മുത്തമിഴ് അറിഞ്ജർ കലൈഞ്ജർ എം.കരുണാനിധി ഹോസ്‌റ്റൽ ബ്ളോക്കും സമഗ്ര പേൾ ഗവേഷണപ്പാർക്കും മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. 2.20 ലക്ഷം ചതുരശ്രഅടി വിസ്‌തീർണത്തിൽ 18 നിലകളിലായി നിർമ്മിച്ച ഹോസ്‌റ്റലിൽ 1,300 വിദ്യാർത്ഥികൾക്ക് താമസിക്കാം.

4.12 ലക്ഷം ചതുരശ്രഅടിയിൽ 7 നിലകളിലായാണ് ഗവേഷണപ്പാർക്ക്. ഇവിടെ 60 ലാബുകളും 50 ക്ലാസ്‌മുറികളും 500 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ വി.ഐ.ടി പോലുള്ള സ്വകാര്യസർവകലാശാലകൾക്ക് വലിയപങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ദുരൈമുരുഗൻ, കെ.പൊൻമുടി, ആർ.ഗാന്ധി എന്നിവർ മുഖ്യാതിഥികളായി. വി.ഐ.ടി ചാൻസലർ ഡോ. ജി.വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ഡോ. ശേഖർ വിശ്വനാഥൻ, ജി.വി.സെൽവൻ, വൈസ് ചാൻസലർ ഡോ. രാംബാലു കൊടാലി, പ്രൊ വൈസ് ചാൻസലർ ഡോ. പാർത്ഥസാരഥി മാലിക് തുടങ്ങിയവർ സംസാരിച്ചു.