'കൊച്ചി സ്പെഷ്യൽ' ചീഞ്ഞ മീൻ കച്ചവടം
കൊച്ചി: പഴകിയ മത്സ്യങ്ങൾ കൊച്ചിയിലെത്തിച്ച് വിൽക്കുന്നതിന് പിന്നിൽ പശ്ചിമ കൊച്ചിയിലെ സംഘങ്ങളെന്ന് സൂചന. ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് അവിടെ ഡിമാൻഡ് കുറവുള്ള മത്സ്യങ്ങൾ കേരളത്തിലേക്ക് ചുളുവിലയ്ക്ക് എത്തിക്കുന്നത്.
വേണ്ടത്ര ശീതീകരണ സംവിധാനങ്ങൾ ഇല്ലാത്ത ലോറികൾ ഇക്കുറി രണ്ട് ദിവസം പൂർണമായും ഇവിടെ കിടക്കേണ്ടി വന്നതാണ് പ്രശ്നമായത്. ഇൻസുലേറ്റഡ് ലോറികളിൽ ആവശ്യത്തിന് ഐസ് നിറച്ചിരുന്നില്ല. രണ്ടും മൂന്നും ദിവസം ആന്ധ്രയിലെ മാർക്കറ്റുകളിൽ കാത്തുകിടന്ന ശേഷമാകും ഇവ കൊച്ചിയിലേയ്ക്ക് തിരിച്ചത് തന്നെ.
മത്സ്യം ചീയാതിരിക്കുന്നതിന് അമോണിയ, ഫോർമാലിൻ അടക്കമുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിന്നിൽ
പശ്ചിമകൊച്ചിക്കാർ
തോപ്പുംപടിയിലും കൊച്ചിയിലും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില സംഘങ്ങളുമായി ബന്ധമുള്ള അന്യസംസ്ഥാന കച്ചവടക്കാരാണ് ഇത്തരം ലോറികൾ കേരളത്തിൽ എത്തിക്കുന്നത്. ഇവ വാങ്ങി നല്ല മത്സ്യങ്ങൾക്കൊപ്പം ചേർത്തും ഹോട്ടലുകളിലും മറ്റും വിൽക്കുകയാണ് പതിവ്.
പതിവായി കൊച്ചിയിൽ കൊണ്ടുവരുന്ന ഇത്തരം ചരക്ക് റോഡിൽ വച്ചോ ഗോഡൗണുകളിൽ വച്ചോ ചെറുവാഹനങ്ങളിലേക്ക് മാറ്റി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവും. അടുത്തിടെ ഭക്ഷ്യവിഷബാധ പ്രശ്നങ്ങളെ തുടർന്ന് പരിശോധനകൾ കർശനമായതിനാൽ പഴകിയ മീനുകൾ എടുക്കാൻ വ്യാപാരികൾ മടിച്ചതാകാം ലോറികൾ ഇവിടെ കുടുങ്ങാൻ കാരണം. ഹോട്ടലുകളും ഇപ്പോൾ ഇത്തരം പഴകിയ മീനുകളോട് മുഖം തിരിക്കുകയാണ്.
ഫാമുകളിൽ വളർത്തുന്ന രോഹു, പിരാന തുടങ്ങിയ മത്സ്യങ്ങളാണ് മരടിലെ ലോറികളിൽ ഉണ്ടായിരുന്നത്. ആന്ധ്രയിൽ ഇവയ്ക്ക് ഡിമാൻഡ് കുറയുന്ന സീസണാണിത്. കേരളത്തിൽ രോഹുവിന് നല്ല ഡിമാന്റുണ്ടെങ്കിലും പിരാന അത്ര ജനകീയമല്ല. വിജനപ്രദേശമായ കണ്ണാടിക്കാട് ഇത്തരം ഇടപാടുകൾ പതിവാണ്.
ഉടമയെ കണ്ടെത്തിയില്ല
മത്സ്യം എത്തിച്ചവർക്കും ഡ്രൈവർമാർക്കും ഇടനിലക്കാർക്കും ഇതിലെ നിയമപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതിനാൽ ഇവരാരും ലോറിയുടെ പരിസരത്ത് ഉണ്ടാകാറില്ല. ചെറുവാഹനങ്ങൾ എത്തുമ്പോൾ മാത്രമാണ് ഇവർ പ്രത്യക്ഷപ്പെടുക. പെട്ടികൾ കൈമാറി ഉടൻ മുങ്ങും. ഇവരുടെ വസ്ത്രങ്ങൾ കണ്ടെയ്‌നറിന്റെ മുകളിൽ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്നത് കണ്ട് ഇവർ സ്ഥലം വിട്ടതായും സംശയിക്കുന്നു.
തൃപ്പൂണിത്തുറ നഗരസഭയുടെ പരാതി പ്രകാരം വാഹനങ്ങളെയും ഡ്രൈവർമാരെയും കണ്ടെത്താൻ മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മത്സ്യങ്ങൾ എത്തുന്നത്
ആന്ധ്ര
തമിഴ്നാട്
ഗുജറാത്ത്
രണ്ട് ലോറികളിലായി 129 പെട്ടികൾ
ഏകദേശം 5000 കിലോ