അനധികൃത ഫ്ളക്സ് ബോർഡുകൾ, ക്ഷമ ദൗർബല്യമായി കാണരുതെന്ന് കോടതി; മാറ്റിയവയുടെ സ്ഥാനത്ത് പുതിയത് സ്ഥാപിച്ചതായി സർക്കാർ
കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനായി കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ സർക്കാരിന് ഉദ്ദേശമില്ലേ എന്ന് കോടതി ചോദിച്ചു. ക്ഷമ ദൗർബല്യമായി കാണരുതെന്നും കോടതിയെ പരിഹസിക്കുന്നത് പോലെ നിലവിൽ അനധികൃത ബോർഡുകളുടെ എണ്ണത്തിൽ വർദ്ധനവാണ് പ്രകടമാകുന്നതെന്നും ഹൈക്കോടതി അറിയിച്ചു.
ജനജീവിതം അപകടത്തിൽപ്പെടുത്തുന്ന ഫ്ളക്സ് ബോർഡുകൾ പാതയോരങ്ങളിൽ നിന്നടക്കം നീക്കണമെന്ന് നഗരസഭാ സെക്രട്ടറിമാരെ വിളിച്ചുവരുത്തി കോടതി അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ തുടർന്നും അലംഭാവം കാണിച്ചതാണ് കോടതി കർശന താക്കീത് നൽകുന്നതിലേയ്ക്ക് നയിച്ചത്. വിഷയത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിയ്ക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. എന്നാൽ നീക്കം ചെയ്യുന്ന ബോർഡുകളുടെ സ്ഥാനത്ത് പുതിയ ബോർഡുകൾ സ്ഥാപിക്കപ്പെടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.