കലാകിരീടം ഉറപ്പിക്കാൻ കച്ചകെട്ടി കൊച്ചി

Tuesday 07 February 2023 12:58 AM IST

കൊച്ചി: യുവകലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന എം.ജി സർവകലാശാല കലോത്സവം "അനേക" കലാവേദിക്ക് നാളെ തിരിശീല ഉയരും. എല്ലാ കലോത്സവത്തിലും കിരീടം നിലനിറുത്തുന്ന കൊച്ചി ഇത്തവണയും വാശിയേറിയ പോരാട്ടത്തിനായാണ് വേദിയിലെത്തുന്നത്. കലാപ്രതിഭകളെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കോളേജുകളും മത്സരാ‌ർത്ഥികളും ഇത്തവണ കലാവേദിയിൽ മാറ്റുരയ്ക്കും. നാളെമുതൽ 12 വരെ 7 വേദികളിലായാണ് കലോത്സവം നടക്കുന്നത്.

ഡർബാർ ഹാൾ ഗ്രൗണ്ടാണ് പ്രധാന വേദി. എറണാകുളം ലാ കോളേജിൽ ഒരു വേദിയും മഹാരാജാസ് കോളേജിൽ 5 വേദികളുമാണ് ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ വരവറിയിച്ച് നാളെ വൈകിട്ട് മൂന്നിന് മറൈൻ ഡ്രൈവ് മുതൽ ഡി.എച്ച് ഗ്രൗണ്ടുവരെ പ്രൗഢഗംഭീരമായ ഘോഷയാത്ര നടക്കും. വൈകിട്ട് അഞ്ചിനാണ് കലോത്സവത്തിന് ഔദ്യോഗിക ഉദ്ഘാടനം.

പങ്കെടുക്കുന്നത് 209 കോളേജിലെ വിദ്യാർത്ഥികൾ

അഞ്ചു ജില്ലകളിൽ നിന്നായി 209 കോളേജുകളിലെ വിദ്യാർത്ഥികൾ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കും. കഴിഞ്ഞ വർഷം പങ്കെടുക്കാത്ത കോളേജുകളിൽ പലതും ഇത്തവണ വിവിധ മത്സരരംഗത്തുണ്ട്. ഓരോ മത്സരത്തിലും 60 ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

കിരീടം നിലനിറുത്താൻ തേവര

കഴിഞ്ഞ നാലുവർഷമായി കലാകിരീടം മറ്റാർക്കും വിട്ടുകൊടുക്കാത്ത എസ്.എച്ച് തേവര അഞ്ചാം തവണയും കലാകിരീടം നിലനിറുത്താനള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിദ്യാർത്ഥികളുടെ പരിശീലനം അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വിദ്യാ‌ർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

എബിൻ അമ്പിളി

കൾച്ചറൽ കമ്മിറ്റി അംഗം

എസ്.എച്ച് കോളേജ്

തേവര

Advertisement
Advertisement