'സർക്കാർ പണം അനുവദിക്കാതെയാണോ മണ്ഡലത്തിൽ വികസനം നടന്നത്'; കെ ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

Monday 06 February 2023 9:07 PM IST

തിരുവനന്തപുരം: സർക്കാരിനെതിരെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎ കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. ഇന്ന് നടന്ന എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎയുടെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചത്. പ്രശ്‌നങ്ങൾ വാർത്തയാകുന്ന രീതിയിലല്ല ഉന്നയിക്കേണ്ടത് എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നത് എന്ന് ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും അതിന്റെ കണക്കുകളും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു. ഗണേഷ് കുമാർ എന്നാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.

ഭരണകക്ഷി എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നും പത്തനാപുരത്ത് വികസനമില്ലെന്നുമാണ് ഗണേഷ് നേരത്തെ വിമർശിച്ചത്. കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഓരോ എംഎൽഎയ്‌ക്കും കഴിഞ്ഞ ബ‌‌ഡ്‌ജറ്റിൽ 20 പ്രവൃത്തിവീതം തരാമെന്ന് എഴുതിവാങ്ങിയതായും എന്നാൽ ഒന്നുപോലും തന്നില്ലെന്നും അറിയിച്ച ഗണേഷ് കിഫ്‌ബിയാണ് എല്ലാറ്റിനും പോംവഴിയെന്ന് പറഞ്ഞ് ഫ്ളെക്‌സുകൾ വച്ചതല്ലാതെ ഒന്നും നടക്കുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം.