കഴുത്തിൽ കത്തി വെച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ

Tuesday 07 February 2023 12:02 AM IST
പ്രതി പിടിയിൽ

കോഴിക്കോട് : കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. അരക്കിണർ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസ് (23) നെയാണ് സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇൻസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി എന്ന അർഫാൻ(20), ചക്കും കടവ് സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (21) അരക്കിണർ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷൻ അലി (25) എന്നിവരാണ് നേരത്തെ പിടിയിലായത്. മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ഗൂഗിൾ പേ യുടെയും പേ.ടി.എമ്മിന്റെയും പാസ്‌വേഡ് കൈക്കലാക്കി അരലക്ഷം രൂപ കവരുകയായിരുന്നു. അന്വേഷണസംഘം നഗരത്തിലെ സി.സി.ടി.വി കാമറകളും സമാനകുറ്റകൃത്യങ്ങളിൽ പെട്ട പ്രതികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിൽ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. കവർച്ച നടത്തിയ ഫോണും പ്രതികൾ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാർ എ., കസബ സബ് ഇൻസ്‌പെക്ടർ കെ.എം.റസാഖ്, സീനിയർ സി.പിഒമാരായ രജീഷ് നെരവത്ത്, സുധർമ്മൻ, സി.പി.ഒ അനൂപ്, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.