എന്റെ അപ്പായെ ഞാൻ കൊല്ലാൻ ശ്രമിക്കുമോ? -ചാണ്ടി ഉമ്മൻ

Tuesday 07 February 2023 12:04 AM IST

തിരുവനന്തപുരം.' എന്റെ അപ്പായെ ഞാൻ കൊല്ലാൻ ശ്രമിക്കുമോ?ദൈവ തുല്യരായിട്ടാണ് ഞാൻ എന്റെ അപ്പായേയും അമ്മയേയും കാണുന്നത്.കഴിഞ്ഞ ഏഴെട്ടു വർഷമായി അപ്പായുടെ ആരോഗ്യം സംരക്ഷിക്കാൻ ഞാൻ പെടാപ്പാട് പെടുകയാണ്. മകനെന്ന നിലയിൽ എന്റെ ധർമ്മം ഞാൻ നന്നായി നിർവഹിക്കുന്നുണ്ട്.എന്റെ അപ്പായുടെ ജീവൻ വച്ച് വില പേശരുതെന്നേ വിമർശകരോട് പറയാനുള്ളു '-- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെച്ചൊല്ലി ഉയരുന്ന വിവാദത്തെക്കുറിച്ച് മകനും യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാനുമായ ചാണ്ടി ഉമ്മൻ കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ പ്രതികരിച്ചു.

'അപ്പായ്ക്ക് കൊവിഡ് വന്നപ്പോൾ പോലും ഒറ്റയ്ക്കു വിടാതെ കൂടെയിരുന്നവനാണ് ഞാൻ.ഇന്നത്തെപ്പോലെയുള്ള സാഹചര്യമായിരുന്നില്ല അന്ന്.ചികിത്സ നൽകുന്നില്ലെന്ന ആരോപണങ്ങൾക്കെല്ലാം അപ്പാ തന്നെ കഴി‌ഞ്ഞ ദിവസം മറുപടി നൽകി.നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം സഹോദരനോട് മാത്രമല്ല കേരളത്തോടാണ് പറഞ്ഞത്. അമ്മയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു അത്.അപ്പായുടെ സഹോദരനോട് ഞാൻ മറുപടി പറയില്ല.അദ്ദേഹത്തോട് ബഹുമാനമേയുള്ളു.അപ്പാ മറുപടി പറ‌ഞ്ഞല്ലോ.പക്ഷേ ഇങ്ങനെ ഒരു വീഡിയോ ഇടേണ്ടി വന്നത് ഒരു മകനെന്ന നിലയിൽ എനിക്കുണ്ടായ ഗതികേടാണ്. മറ്റാർക്കും അത് വരാതിരിക്കട്ടേ.

ജർമ്മനിയിൽ സർജറിക്ക് ശേഷം തുടർ റിവ്യു ബംഗ്ളൂരിലാണ് നടത്തി വരുന്നത്.കഴിഞ്ഞ ഡിസംബറിൽ റിവ്യു നടത്തിയപ്പോൾ നല്ല കുറവുണ്ടായിരുന്നു.എന്നാൽ അടുത്ത റിവ്യുവിൽ അഞ്ചു ശതമാനം കൂടി.അപ്പോൾ ബംഗ്ളൂരുവിലെ ഡോക്ടറുമായി ആലോചിച്ചു. രണ്ടാഴ്ച മരുന്ന് കഴിച്ചിട്ട് നോക്കാമെന്ന് കൂട്ടായ തീരുമാനമാണ് അന്ന് ഡോക്ടറുമായി ചർച്ച

ചെയ്തെടുത്തത്. ഇന്നലെ (തിങ്കൾ) പോകാനിരുന്നതാണ്.അപ്പായ്ക്ക് അല്പം റസ്റ്റ് വേണമെന്നതിനാലാണ് മാറ്റിയത്. തത്കാലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ

പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയുടെ വിവരങ്ങൾ രാഹുൽഗാന്ധിയേയും എ.കെ.ആന്റണി സാറിനെയും സുധീരൻ സാറിനെയും അപ്പായുമായി വളരെ അടുപ്പമുള്ളവരെയും ധരിപ്പിക്കുന്നുണ്ട്.ഒന്നും ഒളിച്ചുവയ്ക്കാനില്ല. അപ്പായ്ക്ക് ഈ വർഷം എൺപതാവുകയാണ്.കീമോയുടെ ഭാഗമായിട്ടുള്ള ആറു ഗുളികകൾ എന്നും കഴിക്കുന്നുണ്ട്.പാർശ്വഫലമുള്ള ആ മരുന്നുകൾ ഹൃദയ വേദനയോടെയാണ് നൽകുന്നത്.ഈ പ്രായത്തിൽ ബുദ്ധിമുട്ടാണ്ടാക്കുന്ന മരുന്നുകൾ നൽകരുതെന്ന് പറയുന്ന ഡോക്ടർമാരുമുണ്ട്.അതേ സമയം മരുന്നൊന്നും നൽകാതെ പ്രാർത്ഥിക്കുകയാണെന്നാണ് ചിലരുടെ പ്രചാരണം.മരുന്നാണ് ഏറ്റവും വലിയ പ്രാർത്ഥന.പ്രാർത്ഥനയാണ് മരുന്ന്.

അപ്പായ്ക്ക് 2015 ലും19 ലും അസുഖം പൂർണമായി ഭേദമായിരുന്നുവെന്നും, അന്ന് സിദ്ധയും ആയുർവേദവുമാണ് ഉപയോഗിച്ചതെന്നും ചാണ്ടി ഉമ്മൻ തുറന്നു പറഞ്ഞു.ഇപ്പോൾ അത് ഉപയോഗിക്കുന്നില്ല.ഇപ്പോഴത്തെ പ്രചാരണങ്ങൾ അപ്പായെ സ്നേഹിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നു കരുതുന്നവർ ഒരു കാര്യം മനസിലാക്കണം.അത് അപ്പായുടെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുകയേയുള്ളു. അനുഭവത്തിൽ നിന്ന് പറയുന്നതാണ്.ചാണ്ടി ഉമ്മനുമായുള്ള വിശദമായ അഭിമുഖം കൗമുദി ടിവി ഇന്നു വൈകിട്ട് അഞ്ചിന് സംപ്രേക്ഷണം ചെയ്യും.

Advertisement
Advertisement