ശബരിമല നാണയക്കൂമ്പാരം എണ്ണിത്തുടങ്ങി; 18 കോടി വരും

Tuesday 07 February 2023 12:14 AM IST

ശബരിമല: മണ്‌ഡല -മകരവിളക്ക് തീർത്ഥാടനവേളയിൽ ശബരിമലയിൽ എണ്ണിത്തീരാതെ കൂട്ടിയിട്ടിരുന്ന കാണിക്കപ്പണം ഇന്നലെ എണ്ണിത്തുടങ്ങി. 18 കോടിരൂപയുടെ നാണയങ്ങൾ എണ്ണാനുണ്ടെന്നാണ് നിഗമനം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓരോ ഗ്രൂപ്പിൽ നിന്നും 30 ക്ലാസ് ഫോർ ജീവനക്കാർ വീതം 540 പേരാണ് ഇതിനായി ഇന്നലെ സന്നിധാനത്ത് എത്തിയത്.

പഴയ ഭണ്ഡാരം, പുതിയ ഭണ്ഡാരം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലായാണ് പണം എണ്ണുന്നത്. 11 അസിസ്റ്റന്റുമാർ നേതൃത്വം നൽകുന്നു.

ഫെബ്രുവരി 12ന് മാസപൂജയ്ക്ക് മുൻപായി എണ്ണിത്തീർക്കാനാണ് ശ്രമം.

ജീവനക്കാർ രോഗബാധിതരായതും അവധിയില്ലാതെ പണിയെടുക്കുന്നതും കണക്കിലെടുത്തായിരുന്നു കഴിഞ്ഞ 25ന് എണ്ണൽ നിറുത്തിവച്ചത്.

കാണിക്കപ്പണം സൂക്ഷിക്കുന്ന ഭണ്ഡാരം ചീഫ് ഓഫീസറായി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ആർ.എസ് ഉണ്ണികൃഷ്ണനെ കൂടാതെ ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ ബി.എസ് ശ്രീകുമാറിനെയും നിയമിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡിന്റെ അനാസ്ഥ മൂലം കാണിക്കപ്പണം നശിക്കുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണ് പണം എണ്ണുന്നതിൽ ദേവസ്വം ബോർഡ് ജാഗ്രത കാട്ടിത്തുടങ്ങിയത്.

അടുക്കിവച്ച് തുക നിശ്ചയിക്കും

സ്വർണവും വെള്ളിയും കൊണ്ടുള്ള രൂപങ്ങളും അരിയും മറ്റ് വഴിപാടുസാധനങ്ങളും കൂടിക്കലർന്ന നിലയിലാണ് നാണയക്കൂമ്പാരം. ഇതിൽ നിന്ന് നാണയങ്ങൾ ടേബിളുകളിൽ എത്തിച്ച് മൂല്യം അനുസരിച്ച് വേർതിരിക്കും.അവ കൗണ്ടിംഗ് പോയിന്റുകളിലേക്ക് മാറ്റും.

നിശ്ചിത ഉയരത്തിൽ അടുക്കിവച്ച് തുക കണക്കാക്കും.

തുടർന്ന് ബാങ്കിലടയ്ക്കും.

പണമെണ്ണാൻ മറ്റുവഴികളും...

വേഗത്തിൽ പണം എണ്ണിത്തിട്ടപ്പെടുത്താൻ ആർട്ടിഫിഷൽ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്ന് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. പ്രാഥമിക ചർച്ച നടന്നെങ്കിലും പിന്നീട് ബോർഡ് പിന്നോട്ടുപോയി. തിരുപ്പതി സേവാ പദ്ധതി മാതൃകയിൽ സൗജന്യമായി പണം എണ്ണാൻ ഭക്തർക്ക് താൽപര്യമുണ്ടെങ്കിലും ദേവസ്വം ബോർഡ് വിമുഖത കാട്ടുന്നു.