13ന് യു.ഡി.എഫിന്റെ രാപ്പകൽ സമരം

Tuesday 07 February 2023 12:19 AM IST

തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു ഈ മാസം 13നു വൈകുന്നേരം നാലു മണി മുതൽ 14നു രാവിലെ 10 മണി വരെ യു.ഡി.എഫ് രാപ്പകൽ സമരം നടത്തുമെന്ന് കൺവീനർ എം.എം.ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചുമാണ് സമരം.പ്രാണവായുവിനു മാത്രമാണു സംസ്ഥാന സർക്കാർ നികുതി ഏർപ്പെടുത്താത്തത്.വെള്ളത്തിനും വൈദ്യുതിക്കും വൻ നിരക്കുവർദ്ധനയാണ്. ബഡ്ജറ്റിൽ 4000 കോടി പിരിച്ചെടുത്ത് 2,000 കോടി രൂപ വിലക്കയറ്റം പിടിച്ചുനിറുത്താൻ മാറ്റിവയ്ക്കുന്നു എന്നുപറയുന്നതുതന്നെ ഏറ്റവും വലിയ തമാശയാണ്. ഇന്ധനത്തിന് കേന്ദ്രം വില കൂട്ടുമ്പോൾ, സമരം നടത്തുന്ന സർക്കാരാണ് 2 രൂപ നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നത്. ഒരു യൂണിറ്റിന് 4.40 രൂപ മാത്രമായിരുന്നു വെള്ളക്കരം. ഇനി അതിന് 14.40 രൂപ നൽകണം. ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്ന് ഹസൻ പറഞ്ഞു.