ന്യുമോണിയ ബാധ: ഉമ്മൻചാണ്ടിയെ നിംസിൽ പ്രവേശിപ്പിച്ചു

Tuesday 07 February 2023 12:38 AM IST

തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുനാളായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ തുടർചികിത്സാർത്ഥം ബംഗളുരുവിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെയാണ് നിംസിൽ പ്രവേശിപ്പിച്ചത്. ഡോ. മഞ്ജുതമ്പിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഐ.സി.യു ബോർഡിലെ ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. സന്ദർശകർക്ക് വിലക്കുണ്ട്. ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എന്നിവർ ആശുപത്രിയിലുണ്ട്. ഉമ്മൻചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം മന്ത്രി വീണാജോർജ് ഇടപെട്ട് ബംഗളുരുവിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

ആന്റണിയും ഹസനും സന്ദർശിച്ചു

ഇന്നലെ രാവിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും യു.ഡി.എഫ് കൺവീനർ എം.എം.ഹസനും ഉമ്മൻചാണ്ടിയെ വീട്ടിലെത്തി കണ്ടിരുന്നു. താൻ ഇടയ്ക്കിടെ ഉമ്മൻചാണ്ടിയെ സന്ദർശിക്കാറുള്ളതാണെന്നും ഇന്നലെയും അതുപോലെ എത്തിയതാണെന്നും ആന്റണി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളാണ് അദ്ദേഹവുമായി ചർച്ച ചെയ്തത്. ആരോഗ്യനില സാധാരണ പോലെയാണെന്നും വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പാർട്ടിയും സുഹൃത്തുക്കളും പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് ഹസൻ പറഞ്ഞു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ അനാവശ്യ ചർച്ച നടത്തരുതെന്നും അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടിയുടെ സഹോദരന്റെ പരാതിയെക്കുറിച്ച് താൻ അഭിപ്രായം പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയേണ്ടത് ഡോക്ടർമാരാണ്.

Advertisement
Advertisement