കമ്പനി നിയമലംഘനം: എൻ.എസ്.എസിനെതിരായ ഹർജിയിൽ നോട്ടീസ്

Tuesday 07 February 2023 12:43 AM IST

കൊച്ചി: കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ എൻ.എസ്.എസ് പാലിക്കുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രേഷൻ ഐ.ജിക്കു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും ആരോപിക്കുന്ന ഹർജിയിൽ സർക്കാരിനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരടക്കമുള്ള മറ്റ് എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എൻ.എസ്.എസ് മുൻ രജിസ്ട്രാറും മുൻ വൈസ് പ്രസിഡന്റുമായ പ്രൊഫ. വി.പി. ഹരിദാസ്, മുൻ ഡയറക്ടർ ഡോ. വിനോദ് കുമാർ എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് ഷാജി. പി. ചാലിയാണ് പരിഗണിക്കുന്നത്.

2013 ലെ കേന്ദ്ര കമ്പനി നിയമപ്രകാരം നോൺ ട്രേഡിംഗ് കമ്പനികളുടെ ഡയറക്ടർമാർക്ക് ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) വേണമെന്നുണ്ട്. നിലവിലെ ഡയറക്ടർ ബോർഡ് മെമ്പർമാർക്ക് ഡിൻ ഇല്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കമ്പനി രജിസ്ട്രാർക്ക് നൽകുന്ന വാർഷിക റിട്ടേൺ, സാമ്പത്തിക സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയിലൊക്കെ ഡയറക്ട ബോർഡ് അംഗങ്ങളുടെ ഡിൻ രേഖപ്പെടുത്തണമെന്നുണ്ട്. എൻ.എസ്.എസ് നൽകിയ രേഖകളിൽ ഇതു രേഖപ്പെടുത്താത്തതിനാൽ ഇവയൊക്കെ അസാധുവാണെന്ന് ഹർജിയിൽ പറയുന്നു. രജിസ്ട്രേഷൻ ഐ.ജിക്ക് പരാതി നൽകിയെങ്കിലും ബാഹ്യസമ്മർദ്ദത്തെ തുടർന്ന് നടപടിയുണ്ടായില്ലെന്നാണ് ഹർജിയിലെ ആരോപണം.

Advertisement
Advertisement