നവജാത ശിശുക്കളിലെ ജനിതക വൈകല്യം തിരിച്ചറിയാം; ഐക്കോൺസിന് എട്ട് കോടി ധനസഹായം

Tuesday 07 February 2023 1:03 AM IST

ഒറ്റപ്പാലം: കവളപ്പാറ ഐക്കോൺസിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസ്) നവജാത ശിശുക്കളിലെ ജനിതക മെറ്റബോളിക് പ്രശ്നങ്ങൾ മുൻകൂട്ടി അറിയുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകൾ തുടങ്ങുന്നതിന്റെ ഭാഗമായി ന്യൂറോ ജനെറ്റിക്സ്‌മെറ്റബോലോമിക്സ് ലാബ് വിപുലീകരണത്തിന് സർക്കാർ എട്ട് കോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് ഐക്കോൺസ് ഡയറക്ടർ ഡോ.സഞ്ജീവ് വി.തോമസ് സമർപ്പിച്ച പ്രോജക്ട് അംഗീകരിച്ച സർക്കാർ ലാബിനായി നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്നും എട്ട് കോടി രൂപ അനുവദിക്കുകയായിരുന്നു. നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയിലൂടെ ജനിതക വൈകല്യങ്ങൾ അടക്കമുള്ള അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നതിനും അത്യാധുനിക ലാബ് ഉപകരിക്കും. കുഞ്ഞുങ്ങളെ ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്‌കരിച്ചിക്കുന്ന 'ശലഭം' എന്ന പദ്ധതിയുടെ ഭാഗമാണിത്.