പെട്രോൾ,ഡീസൽ സെസ് കുറയ്ക്കില്ലെന്ന് സൂചന #കേന്ദ്രത്തിനെതിരായ രാഷ്ട്രീയസമരമാക്കും

Tuesday 07 February 2023 4:09 AM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസിൽ ഇളവ് വരുത്താൻ സാദ്ധ്യതയില്ലെന്ന് സൂചന. അതേസമയം,വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷം നിയമസഭയിൽ സത്യഗ്രഹം ആരംഭിക്കുകയും ചെയ്തിരിക്കെ, ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാരിനുമേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.

സെസ് ഒരു രൂപയായി കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സി.പി.എം വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. പ്രതിപക്ഷസമ്മർദ്ദത്തിന് വഴങ്ങിയാൽ, രാഷ്ട്രീയ കീഴടങ്ങലാകുമെന്നാണ് ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ ഇളവ് നൽകിയാൽ മതിയെന്ന അഭിപ്രായവും സി.പി.എമ്മിൽ ഉയരുന്നുണ്ട്. സി.പി.ഐ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും വിലക്കയറ്റപ്രശ്നം ചൂണ്ടിക്കാട്ടി എ.ഐ.ടി.യു.സിയിൽ നിന്നടക്കം എതിർപ്പുണ്ട്.

സംസ്ഥാനത്തിന്റെ വരുമാനസ്രോതസുകളെല്ലാം അടച്ചുകൊണ്ട് കേരളത്തെ ധനപരമായി ശ്വാസം മുട്ടിക്കുന്ന മോദിസർക്കാരിനും ബി.ജെ.പിക്കും പിന്തുണ നൽകുകയാണ് യു.ഡി.എഫ് എന്ന വാദവുമായി ഇടതുപക്ഷം പ്രചാരണം നടത്തും.

പെട്രോളിയം സെസ് രാഷ്ട്രീയസമരമെന്ന നിലയിൽ വ്യാഖ്യാനിക്കാനാണ് ശ്രമം. പെട്രോളിയം ഉല്പന്നങ്ങൾ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്നതിനാൽ ഇതിന്മേൽ സെസ് പിരിക്കാൻ കേന്ദ്രത്തിന് അവകാശമില്ലാതിരുന്നിട്ടും ഒരു ലിറ്റർ പെട്രോളിന് 30 രൂപയും ഒരു ലിറ്റ‌ർ ഡീസലിന് 27 രൂപയും കേന്ദ്രം സെസായി പിരിക്കുന്നു എന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ പറഞ്ഞത്.

മോദി സർക്കാർ ഇരുപത് രൂപയോളം പെട്രോളിയം ഉല്പന്നങ്ങളിൽ സർചാർജ് ഏർപ്പെടുത്തിയെങ്കിലും യു.ഡി.എഫോ ബി.ജെ.പിയോ പ്രതിഷേധിച്ചിട്ടില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർചാർജിന്റെ നേട്ടം കൊയ്യുന്നത് അംബാനിമാരും അദാനിമാരുമാണെന്ന് സി.പി.എം ആരോപിക്കുന്നു. എന്നാൽ, കേരളത്തിൽ ക്ഷേമ പെൻഷൻ ഉൾപ്പെടെ ഉറപ്പുവരുത്താനാണ് സെസ് പിരിവ്. സബ്സിഡികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ചെലവാക്കുന്ന പണം കോർപ്പറേറ്റുകൾക്ക് നൽകണമെന്നുള്ള വലതുപക്ഷ വാദത്തിന് മറുപടിയാണ് കേരള സർക്കാരിന്റെ നയങ്ങളെന്നാണ് സി.പി.എം വാദം. ഇത് ജനപക്ഷ ബദലാണെന്ന പ്രചാരണവുമായി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രംഗത്തിറങ്ങും.

Advertisement
Advertisement