മലയാളികളുടെ വിദേശ പഠനം തടയാനാവില്ല
#വിദേശത്തെ സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്ന് മന്ത്രി ആർ.ബിന്ദു
തിരുവനന്തുപുരം: മലയാളികൾ വിദേശത്ത് ഉപരിപഠനത്തിന് പോവുന്നത് തടയാനാവില്ലെന്നും, വിദേശത്ത് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
സർവകലാശാലകളുടെ കാര്യക്ഷമതയില്ലായ്മയോ മികച്ച കോഴ്സുകൾ ഇല്ലാത്തതോ കൊണ്ടല്ല വിദ്യാർത്ഥി കുടിയേറ്റം. പഠനത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കും. . സ്വകാര്യ കോളേജുകൾക്കും പുതുതലമുറ കോഴ്സുകൾ അനുവദിക്കും. കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഉപരിപഠനത്തിനും തൊഴിലിനുമായി കുടിയേറ്റം ഏറെയും. ഇവരിലധികവും പഠനത്തോടൊപ്പം വയോജന പരിപാലന രംഗത്ത് ജോലിചെയ്യുന്നു.കഴിഞ്ഞ വർഷം 646206 കുട്ടികൾ രാജ്യത്തു നിന്ന് വിദേശ പഠനത്തിനു പോയിട്ടുണ്ട്. ഇവരിൽ 4 ശതമാനം കേരളത്തിൽ നിന്നാണ്. ആന്ധ്ര-12%, പഞ്ചാബ്-12%, മഹാരാഷ്ട്ര-11% . കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം: 2016- 18,426, 2017-22093, 2018-22456, 2019-30948, 2020-15277.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്നവരുടെ എണ്ണത്തിൽ 10% വർദ്ധനവുണ്ടായി. 13.46ലക്ഷം കുട്ടികൾ ഇപ്പോൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നു. 5വർഷം കൊണ്ട് 3.3.7ലക്ഷം കുട്ടികൾ അധികം. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ദേശീയതലത്തിൽ 1:24 ആണെങ്കിൽ കേരളത്തിൽ 1:16ആണ്. ഒരു ലക്ഷം കുട്ടികൾക്ക് ദേശീയതലത്തിൽ 31കോളേജുകളാണുള്ളതെങ്കിൽ കേരളത്തിലത് 50 ആണ്. 5വർഷം കൊണ്ട് 6073അദ്ധ്യാപക തസ്തിക കൂട്ടി. അടിസ്ഥാനസൗകര്യ വികസനത്തിന് 1000 കോടി ചെലവിട്ടതായി മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.