സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം കൂട്ടും

Tuesday 07 February 2023 1:19 AM IST

തിരുവനന്തപുരം: കല, കായികം, പ്രവൃത്തി പരിചയം വിഷയങ്ങളിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് ശമ്പളം കൂട്ടി നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

നിലവിൽ പതിനായിരം രൂപയാണ് ശമ്പളം. സമരം കണക്കിലെടുത്ത് 2000 രൂപ കൂട്ടാമെന്ന് അറിയിച്ചിരുന്നു. മറ്റ് ഫണ്ടുകളുപയോഗിച്ച് അൽപ്പം കൂടി ശമ്പളം കൂട്ടാം. നിലവിൽ 1319 അദ്ധ്യാപകരുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിലും, മാസത്തിൽ ഒരു ദിവസം ബി.ആർ.സിയിലും ഇവർ ജോലി ചെയ്യണം. അദ്ധ്യാപകരുടെ എണ്ണത്തിന് അനുസരിച്ചല്ല കേന്ദ്രം ശമ്പള ഗ്രാന്റ് നൽകുന്നത്. ഇക്കൊല്ലം ഗ്രാന്റിൽ 5 ശതമാനവും അടുത്ത വർഷം 10 ശതമാനവും കുറവു ചെയ്യുമെന്നും വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.