അബാൻ മേൽപ്പാലം : കെ.കെ.നായർ പ്രതിമ മാറ്റി സ്ഥാപിക്കും?

Tuesday 07 February 2023 12:19 AM IST

പത്തനംതിട്ട : അബാൻ മേൽപ്പാലം പണിയുടെ ഭാഗമായി ജില്ലയുടെ ശില്പി മുൻ എം.എൽ.എ കെ.കെ.നായരുടെ പ്രതിമ മാറ്റി സ്ഥാപിക്കേണ്ടി വരും. നഗരസഭാ ബസ് സ്റ്റാൻഡിന് മുന്നിലുള്ള പ്രതിമ മേൽപ്പാലത്തിന് താഴെ സമീപനപാതയിലായി വരും. ഇവിടെ നടപ്പാതയ്ക്കായുള്ള സ്ഥലത്താണ് ഇപ്പോൾ പ്രതിമയുള്ളത്. പ്രതിമ മാറ്റിയാൽ മാത്രമേ സമീപനപാതയുടെ പണി ആരംഭിക്കാൻ കഴിയു. മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായതിന് ശേഷമേ സമീപനപാതയുടെ പണി തുടങ്ങു.

ആകെയുള്ള 92 പൈലുകളിൽ 85 എണ്ണം ഇതുവരെ പണിതു. 2023 ജൂണിൽ അബാൻ മേൽപ്പാലം പൂർത്തിയാക്കാനുള്ള കാലാവധി അവസാനിക്കും.

സംരക്ഷണ വേലി തകർന്നു

മേൽപ്പാലത്തിന്റെ നിർമ്മാണാരംഭം മുതലുള്ള ഗതാഗത പ്രശ്നങ്ങൾ കാരണം വാഹനങ്ങൾ ഇടിച്ച് പ്രതിമയുടെ ഇരുമ്പ് സംരക്ഷണ വേലി തകർന്ന നിലയിലാണ്. പണികൾ നടക്കുന്നതിനാൽ ഒരുവശത്ത് കൂടി മാത്രമാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. വേലി പുനർനിർമ്മിച്ചില്ലെങ്കിൽ പ്രതിമയ്ക്കും തകരാർ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. 2013 ൽ കെ.കെ.നായരുടെ നിര്യാണത്തെ തുടർന്നാണ് നഗരസഭ പ്രതിമ സ്ഥാപിച്ചത്. നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന സ്ഥലമാണിത്. റിംഗ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾ നൂറിലധികം സ്വകാര്യ ബസുകൾ എന്നിവ ദിവസവും ഇതിലെ കടന്നുപോകുന്നു. പ്രതിമയ്ക്കരുകിൽ വച്ചിരിക്കുന്ന ചെടികളും ചെടിച്ചട്ടികളും നശിച്ചിട്ടുണ്ട്.

കെ.കെ.നായരുടെ പത്താം ചരമവാർഷിക ദിനം ഇന്ന്

" പ്രതിമ സംരക്ഷിക്കാനുള്ള നടപടികളെടുക്കും. ഇക്കാര്യം നഗരസഭയിൽ ആലോചിച്ച് തീരുമാനിക്കും."

അഡ്വ.ടി.സക്കീർ ഹുസൈൻ

(നഗരസഭ ചെയർമാൻ)

" മേൽപ്പാലത്തിന്റെ സമീപന പാതയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൈലിംഗ് ജോലികളെല്ലാം പൂർത്തിയായതിന് ശേഷം മാത്രമേ മറ്റ് പണികൾ നടക്കു. "

മേൽപ്പാലം നിർമ്മാണ കമ്പനി അധികൃതർ