വെള്ളക്കരം കൂട്ടിയതിൽ ആർക്കും പരാതിയില്ല: മന്ത്രി

Tuesday 07 February 2023 12:25 AM IST

 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യം തുടരും

തിരുവനന്തപുരം: ജനങ്ങൾക്ക് കാര്യങ്ങളറിയാമെന്നും അതിനാൽ വെള്ളക്കരം കൂട്ടിയതിൽ ആർക്കും പരാതിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പല പരാതികളുമായി ആളുകൾ നേരിട്ട് വിളിക്കാറുണ്ട്. എന്നാൽ, വെള്ളക്കരം കൂട്ടിയതിനെക്കുറിച്ച് ആരും പരാതിപ്പെട്ടില്ല. ജനങ്ങൾക്ക് അധിക ബാദ്ധ്യത വരാത്ത രീതിയിലാണ് ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിക്കാനുള്ള തീരുമാനം. ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 15000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകുന്നത് തുടരും. അതിനാൽ വിലവർദ്ധന പാവപ്പെട്ടവരെ ബാധിക്കില്ല.

ആയിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ 10.92 രൂപയാണ് വാട്ടർ അതോറിട്ടിക്ക് വരുമാനം. നഷ്ടം 11.93 രൂപയും. ജല ശുദ്ധീകരണത്തിനും വിതരണത്തിലും വരുന്ന ചെലവിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ ഭീമമായ നഷ്ടമാണ് പ്രതിവർഷമുണ്ടാകുന്നത്. വിവിധ ചെലവുകൾക്ക് അനുസൃതമായ വർദ്ധന വെള്ളക്കരത്തിലുണ്ടാകുന്നില്ല.

അറ്റകുറ്റപ്പണികൾ ചെയ്ത വകയിൽ കരാറുകാർക്ക് 137.06 കോടി നൽകാനുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളക്കരം വർദ്ധിപ്പിച്ചത്. കണക്കുകൾ കൊണ്ട് പ്രതിപക്ഷം മായാജാലം കാണിക്കരുത്. വെള്ളക്കരം കൂട്ടുന്നത് ആദ്യമായല്ല. 2009ലും 2014ലും വർദ്ധനയുണ്ടായപ്പോൾ ജലം അവശ്യ വസ്തുവായിരുന്നില്ലേയെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.