റേഷനരിയുടെ നിറംമാറ്റി മട്ടയാക്കി വ്യാപക വില്പന, നിറംമാറ്റാൻ റെഡ് ഓക്‌സൈഡും കാത്സ്യം കാർബണേറ്റും

Tuesday 07 February 2023 12:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വില്പന വ്യാപകം. പൊതുവിപണിയിൽ അരിവില കുതിച്ചുയർന്നതോടെയാണിത്.

നിറം മാറ്റുന്നതിന് മട്ടഅരിയിൽ രാസവസ്തുക്കളായ റെഡ് ഓക്‌സൈഡും, വെള്ളയരിയിൽ കാത്സ്യം കാർബണേറ്റുമാണ് ചേർക്കുന്നത്. ഇവ ആരോഗ്യത്തിന് ഹാനികരമാണ്.

മന്ത്രി ജി.ആർ.അനിലിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ മായംകലർത്തൽ കണ്ടെത്തി. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ കടകളിലും റേഷൻ കടകളിലും പരിശോധന നടത്താൻ മന്ത്രി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കേരളത്തിന്റെ സ്വന്തം മട്ട അരിക്കും ജയ എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ള അരിക്കും കിലോയ്ക്ക് 60 രൂപയിലേറെ വിലയായതോടെയാണ് ഡ്യൂപ്ലിക്കേറ്റും നിറം കലർത്തിയ അരിയും വിപണി കൈയടക്കിയത്.

ഈർപ്പമുള്ള കൈയിൽ അല്പം അരിയെടുത്ത് നന്നായി തിരുമ്മിയാൽ നിറം നഷ്ടപ്പെടുമെങ്കിൽ മായം കലർന്നതെന്ന് ഉറപ്പാക്കാം.

റേഷനരി കടത്ത്

1 തമിഴ്നാട്ടിൽ കിലോഗ്രാമിന് ഒരു രൂപ വിലയുള്ള അരി റേഷൻ വ്യാപാരികളിലും ഇടനിലക്കാരിലും നിന്ന് ശേഖരിക്കും.

2 കേരളത്തിലെ റേഷനരി ഗോഡൗണുകളിലും റേഷൻ കടകളിൽ നിന്നും രഹസ്യകേന്ദ്രത്തിലെത്തിക്കും.

മട്ടയ്ക്കും ജയയ്ക്കും ഡ്യൂപ്ളിക്കേറ്റ്

1. കർണ്ണാടകയിൽ ഷിമോഗയിൽ നിന്ന് കിലോഗ്രാമിന് 19 രൂപ നിരക്കിൽ നെല്ല് വാങ്ങി ഇവിടത്തെ മില്ലുകളിൽ എത്തിച്ചാണ് വ്യാജ മട്ട അരിയാക്കുന്നത്. പാലക്കാട്ടും ആലപ്പുഴയിലും കൃഷിചെയ്യുന്നതാണ് യഥാർത്ഥ മട്ട.

2 പഞ്ചാബിലെ പുഴുക്കലരിയാണ് ജയ എന്ന പേരിൽ വിൽക്കുന്നത്. അവിടെ കിലോഗ്രാമിന് 30 രൂപയ്ക്കുള്ള അരി കേരളത്തിലെത്തുമ്പോൾ 50- 55 രൂപ.

ആന്ധ്രയിലെ ഗോദാവരിയിലാണ് യഥാർത്ഥ ജയ കൃഷിചെയ്യുന്നത്.

''റേഷനരി നിറം മാറ്റി വിപണിയിലെത്തിക്കുന്നവരെ കണ്ടെത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്''

- ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി