വ്യാഴാഴ്ച കഴിഞ്ഞാൽ സഭാ സമ്മേളനം 27ന്
Tuesday 07 February 2023 12:31 AM IST
തിരുവനന്തപുരം: നിയമസഭയുടെ നടപ്പുസമ്മേളനം വ്യാഴാഴ്ച തത്കാലത്തേക്ക് നിറുത്തിവച്ച ശേഷം ഈ മാസം 27ന് പുനരാരംഭിക്കും. മാർച്ച് 30 വരെ നീളുന്ന സമ്മേളനത്തിൽ വകുപ്പുതിരിച്ചുള്ള പരിഗണനയോടെ സമ്പൂർണ ബഡ്ജറ്റ് പാസാക്കാനാണ് തീരുമാനം. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് 9നും 10നും സഭ സമ്മേളിക്കില്ല. നാളെ ഉച്ചയ്ക്ക് 12ന് സഭ അല്പനേരം നിറുത്തിവച്ച് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കും.
പെട്രോളിയം സെസ്സ് ഉൾപ്പെടെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയിൽ പ്രതിപക്ഷം പൂർണമായും സഹകരിച്ചെങ്കിലും ഇന്ന് പ്രതിഷേധം കടുപ്പിച്ചേക്കാം. പ്രതിഷേധം കണക്കിലെടുത്ത് നാളെ നടക്കുന്ന ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ നേരിയ നികുതിയിളവ് പ്രതീക്ഷിക്കുന്നുണ്ട്.