നികുതിക്കൊള്ള , 4 യു.ഡി.എഫ് എം.എൽ.എമാർ സഭാകവാടത്തിൽ സത്യഗ്രഹം തുടങ്ങി

Tuesday 07 February 2023 12:33 AM IST

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ രാപ്പകൽ സത്യഗ്രഹം തുടങ്ങി. കോൺഗ്രസ് അംഗങ്ങളായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, മുസ്ലിംലീഗ് അംഗം നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.

ഇന്നലെ ശൂന്യവേളയ്ക്കുശേഷം ബഡ്ജറ്റിന്മേലുള്ള ചർച്ച തുടങ്ങും മുമ്പാണ് എം.എൽ.എമാരുടെ സത്യഗ്രഹത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയെ അറിയിച്ചത്. തുടർന്ന് സർക്കാരിനെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി എം.എൽ.എമാർ നിയമസഭാ കവാടത്തിലേക്ക് നീങ്ങി. സത്യഗ്രഹം ഇരിക്കുന്നവർക്ക് മറ്റ് പ്രതിപക്ഷ എം.എൽ.എമാർ അഭിവാദ്യം അർപ്പിച്ചു.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മഹാമാരിയും മഹാപ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിയിൽ തളർന്നിരിക്കുന്ന ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ പെയ്തിറങ്ങിയ മറ്റൊരു മഹാദുരന്തമായി ബഡ്ജറ്റ് മാറിയിരിക്കുകയാണ്. നേരിട്ട് 3000 കോടിയുടെയും പരോക്ഷമായി 1000 കോടിയുടെയും ഉൾപ്പെടെ 4000 കോടിയുടെ അധിക ബാദ്ധ്യതയാണ് ജനങ്ങൾക്ക് മേൽ കെട്ടിവച്ചിരിക്കുന്നത്. അശാസ്ത്രീയമായ നികുതി നിർദ്ദേശങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കും. ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്ക് പുറത്തും

സമരം കടുപ്പിക്കും

നിയമസഭയിലെ സത്യഗ്രഹത്തിന് പുറമേ പുറത്തും സമരം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് നടയിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13ന് ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ് രാപ്പകൽ സമരം നടത്തും.