കോളന്നൂർ എം.എൽ.എ റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു
Tuesday 07 February 2023 12:30 AM IST
എഴുകോൺ : കോളന്നൂർ എം.എൽ.എ. റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
കോൺക്രീറ്റ് റോഡിന് കുറുകെ സ്ഥാപിച്ച കുഴലാണ് പൊട്ടിയത്. ജി.ഐ പൈപ്പ് പി.വി.സി കുഴലുമായി ബന്ധിപ്പിച്ച ഭാഗമാണ് തകരാറിലായത്. പൈപ്പ് റോഡിന് മുകളിൽ വരും വിധം ഈ ഭാഗത്ത് കോൺക്രീറ്റ് തകർന്നിരുന്നു. വാഹനങ്ങൾ കയറി ഇറങ്ങിയാണ് കുഴൽ തകർന്നത്. ദിവസങ്ങളായി ഈ നിലയാണ്. ഇവിടെ നിന്നുള്ള വെള്ളം ദേശീയ പാതയിലേക്കാണ് ഒഴുകിയെത്തുന്നത്.
സമീപത്ത് തന്നെ ഉപയോഗശൂന്യമായ ടാപ്പും കാണാം. ടാപ്പൊടിഞ്ഞ ഭാഗത്ത് മരക്കുറ്റി കയറ്റി വെച്ച നിലയിലാണ്. അതും വലിയ തോതിൽ ജല നഷ്ടത്തിന് കാരണമാകുന്നു. പഞ്ചായത്തിലെ പല സ്ഥലത്തും ഇത്തരം ഉപയോഗശൂന്യമായ ടാപ്പുകൾ കാണാം.