വികസനം തടയുക പ്രതിപക്ഷ ലക്ഷ്യം: ധനമന്ത്രി

Tuesday 07 February 2023 1:36 AM IST

തിരുവനന്തപുരം: ഇടത് സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തടയുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തിനുള്ള സഹായം കേന്ദ്രം വെട്ടിക്കുറച്ചിട്ടും അതേക്കുറിച്ച് പറയാതെയാണ് പ്രതിപക്ഷം സമരത്തിനിറങ്ങുന്നത്. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസമാണ് കേരളത്തിന്റെ കടപരിധിയിൽ 2700 കോടി രൂപ വെട്ടിക്കുറച്ചത്. ഇതേക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാനില്ല.

ഇനി മൂന്ന് മാസത്തിനുള്ളിൽ 937 കോടിയേ കടം എടുക്കാനാകൂ. കേരളത്തിൽ വിൽക്കുന്ന ഒരു ലീറ്റർ പെട്രോളിൽ നിന്ന് 30 രൂപയും ഡീസലിൽ നിന്ന് 27 രൂപയുമാണ് കേന്ദ്രം നികുതിയായി എടുക്കുന്നത്. ഇതിന് കേന്ദ്രത്തിന് അവകാശമില്ലെങ്കിലും എതിർക്കാൻ ആരുമില്ല. നികുതി വർദ്ധിപ്പിക്കാനേ പാടില്ല എന്ന സമീപനം അംഗീകരിക്കാനാവില്ല.

ഡീസലിന് ഏഴുതവണ നികുതി വർദ്ധിപ്പിച്ചത് യു.ഡി.എഫ് സർക്കാരാണ്. പെട്രോളിന് 17 തവണയും വർദ്ധിപ്പിച്ചു. സമരം ചെയ്യുമ്പോൾ ഇക്കാര്യവും ഓർമ്മിക്കണം. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ധന നികുതി കുറയ്ക്കുകയല്ലാതെ കൂട്ടിയിട്ടില്ല. കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കാനാണ് ചെറിയതോതിലുള്ള നികുതി വർദ്ധന. വൻതോതിൽ നികുതിയും സെസും ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാരിനെക്കുറിച്ച് ഇവിടത്തെ പ്രതിപക്ഷത്തിനു പരാതിയില്ല. ബഡ്ജറ്റിൽ നികുതി വർദ്ധിപ്പിക്കുന്നതിൽ റിസ്‌ക് ഉണ്ടെന്ന് അറിയാം. എന്നാൽ പേരുദോഷം കേൾക്കുമെന്നു പറഞ്ഞു മാറിനിൽക്കില്ല. കേരളത്തിന്റെ താത്പര്യമാണ് ബഡ്ജറ്റിൽ പ്രകടിപ്പിച്ചത്.

Advertisement
Advertisement