കുടുംബ വഴക്ക്: ഭാര്യാപിതാവിന് മരുമകന്റെ കുത്തേറ്റു

Tuesday 07 February 2023 12:53 AM IST

നിലമ്പൂർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിന് മരുമകന്റെ കുത്തേറ്റു. രാമംകുത്ത് ചേറ്റുപറമ്പത്ത് രാജനാണ്(53)​ ശരീരമാസകലം കുത്തേറ്റത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെ രാമംകുത്ത് വച്ചാണ് സംഭവം. കുത്തേറ്റ രാജന്റെ കടയിലെത്തിയ മരുമകൻ അർഷാദ് രാജനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കടയിലുണ്ടായിരുന്ന മീൻ വെട്ടുന്ന കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. വയറിനും നെഞ്ചത്തും കൈയിലും മുതുകിലും കുത്തേറ്റിട്ടുണ്ട്. മുതുകിലെ മുറിവ് ആഴമുള്ളതാണ്. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്ക് അർഷാദ് ഓടിരക്ഷപ്പെട്ടു. നാട്ടുകാരാണ് പരിക്കേറ്റ രാജനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അർഷാദിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.