കിഫ്ബി വഴി അഞ്ച് പദ്ധതികൾ

Tuesday 07 February 2023 1:43 AM IST

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നിയന്ത്രണം കാരണം സ്വന്തംനിലയ്ക്ക് വായ്പയെടുക്കാനായില്ലെങ്കിലും കിഫ്ബി മുഖേന അഞ്ച് പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിൽ വ്യക്തമാക്കി. അടുത്തവർഷത്തേക്ക് 2809 കോടിരൂപയാണ് കിഫ്ബിക്ക് നീക്കിവെച്ചത്. മോട്ടോർവാഹന നികുതിയിൽനിന്ന് 2215 കോടി രൂപ ലഭിക്കും. പെട്രോൾ,ഡീസൽ സെസിൽനിന്ന് 594 കോടിയും കിട്ടും. കിഫ്ബി രൂപവത്കരിച്ചപ്പോഴുള്ള വ്യവസ്ഥ പ്രകാരമാണിത്.

വിഴിഞ്ഞം അനുബന്ധപദ്ധതികൾക്ക് 1000കോടിയും വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിക്ക് 300കോടിയും കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200കോടിയും ഇലക്ട്രിക് വാഹനപദ്ധതിയുടെ കൺസോർഷ്യമുണ്ടാക്കാൻ 25കോടിയും നഗരസൗന്ദര്യവൽക്കരണ പദ്ധതിക്ക് 100കോടിയുമാണ് കിഫ്ബി മുഖേന അനുവദിച്ചത്.

ഇതുവരെ 74009.55കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയതെന്ന് നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ഇവയിൽ 6201കോടിയുടെ പദ്ധതി പൂർത്തിയായി. 3064കോടിയുടെ പദ്ധതി ടെണ്ടർ ചെയ്തു. 24931കോടിയുടെ പദ്ധതി ടെണ്ടർ നടപടികളിലാണ്. ശേഷിക്കുന്നവ പരിശോധനാഘട്ടത്തിലാണ്. പദ്ധതികൾക്കായി 22801കോടിരൂപ കിഫ്ബി കൈമാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ 2870കോടിചെലവഴിച്ച് 44705 ഹൈടെക് ക്ളാസ് മുറികളും 11257ലബോറട്ടറികളും നിർമ്മിച്ചതും നാഷണൽ ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 20000കോടി നൽകിയതും മൂന്ന് വ്യവസായ പാർക്കുകൾക്കായി 13980കോടി നൽകി ഭൂമി ഏറ്റെടുത്തതും വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കാൻ 200കോടി നൽകിയതുമാണ് കിഫ്ബിയുടെ മഹത്തായ സേവനങ്ങളെന്നും ധനമന്ത്രി പറഞ്ഞു.