ജഡ്‌ജിമാർക്കെന്ന പേരിൽ കോഴ: സത്യം പുറത്തുവരട്ടെയെന്ന് ഹൈക്കോടതി

Tuesday 07 February 2023 1:46 AM IST

കൊച്ചി: ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങിയതായി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയിൽ, സത്യം പുറത്തു വരട്ടെയെന്നും ഹർജിക്കാരൻ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ഹൈക്കോടതി. ജുഡിഷ്യൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. ഹർജിക്കാരൻ അന്വേഷണം നേരിടണം. പൊലീസ് അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസ് റദ്ദാക്കാൻ ധൃതിപിടിച്ചു ഹർജി നൽകിയതെന്തിനാണെന്നും ജസ്‌റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ചോദിച്ചു.

ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് സൈബിയുടെ അഭിഭാഷകൻ വാദിച്ചു. കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരട്ടെയെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുമ്പ് സർക്കാർ വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റി. സൈബിയെ ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

Advertisement
Advertisement