ആറുവരിപ്പാത ഉയരുമ്പോൾ കടവൂർ പള്ളിവേട്ടച്ചിറയുടെ ഓരം ഭീതിയിൽ
കൊല്ലം: ദേശീയപാത 66 ആറുവരിയായി ഉയരുമ്പോൾ കടവൂർ പള്ളിവേട്ടച്ചിറയുടെ ഓരത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഭീതിയിൽ. മഴക്കാലത്ത് പള്ളിവേട്ടച്ചിറയിൽ നിറയുന്ന വെള്ളം മറുവശത്തുള്ള വയലിലേക്ക് ഒഴുകാനുള്ള സംവിധാനം തടസപ്പെട്ട് വെള്ളപ്പൊക്കത്തിൽ അകപ്പെടുമോ എന്നതാണ് ഭീതി.
പണ്ട് ഇടവപ്പാതയിലും തുലാവർഷത്തിലും ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മഴവെള്ളം ഒഴുകിയെത്തി പള്ളിവേട്ടച്ചിറ നിറയും. മഴ നീണ്ടുനിന്നാൽ ചിറ കവിഞ്ഞ് ഓരത്തുള്ള വീടുകളിലേക്കും വെള്ളം കയറും. വെള്ളപ്പൊക്കം പതിവായതോടെ മൂന്ന് പതിറ്റാണ്ട് മുമ്പ് ചിറയുടെ ഓരത്ത് ഓട നിർമ്മിച്ചു. ചിറയിലെ ജലനിരപ്പ് നിശ്ചിത ഉയരം കഴിയുമ്പോൾ ഒഴുകിപ്പോകാനായി ഓടയേയും മറുവശത്തുള്ള വയലിനെയും ബന്ധിപ്പിച്ച് റോഡിന് കുറുകെ പൈപ്പുമിട്ടു. അതിനാൽ കഴിഞ്ഞകാലങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ ചിറയുടെ ഓരത്ത് ഉണ്ടായില്ല. എന്നാൽ, ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി ഓട പലയിടങ്ങളിലും മൂടുന്ന സ്ഥിതിയാണ്. പള്ളിവേട്ടച്ചിറയിലെ വെള്ളം മറുവശത്തെ വയലിലേക്ക് ഒഴുക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കലും കരാർ കമ്പനിയുടെ ആലോചനയിലില്ല. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പിന്നീട് പൈപ്പിടൽ പ്രയാസമാണ്. അതുകൊണ്ട് നിർമ്മാണഘട്ടത്തിൽ തന്നെ പള്ളിവേട്ടച്ചിറയേയും മറുവശത്തുള്ള വയലിനേയും ബന്ധിപ്പിച്ച് റോഡിന് കുറുകെ പൈപ്പിടണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രദേശവാസികൾ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായെടുത്തിട്ടില്ല. വരും ദിവസങ്ങളിൽ ജനപ്രതിനിധികളെയടക്കം നേരിൽ കണ്ട് പ്രശ്നം ബോധിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
'' ആറ് വരിപ്പാതം നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ പിന്നീട് റോഡിന് കുറുകെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രയാസമായിരിക്കും. അതുകൊണ്ട് ഇപ്പോൾ തന്നെ പ്രശ്നം പഠിച്ച് പരിഹാര നടപടികൾ സ്വീകരിക്കണം. ജനപ്രതിനിധികൾ അടക്കം ഇക്കാര്യത്തിൽ മുൻകൈയെടുക്കണം."
പ്രൊഫ. പി.വിവേകാനന്ദൻ,
പ്രസിഡന്റ്, പള്ളിവേട്ടച്ചിറ റെസിഡന്റ്സ് അസോസിയേഷൻ