അനധികൃത ബോർഡുകൾ: സർക്കാർ പരിഹസിക്കുകയാണോ? - ഹൈക്കോടതി

Tuesday 07 February 2023 2:14 AM IST

കൊച്ചി: പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ളക്‌സ് ബോർഡുകളും നീക്കാൻ പലതവണ ഉത്തരവിട്ടിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഹൈക്കോടതി, സർക്കാർ കോടതിയെ പരിഹസിക്കുകയാണോയെന്ന് ചോദിച്ച് പൊട്ടിത്തെറിച്ചു. കോടതി ക്ഷമ കാട്ടുന്നത് ബലഹീനതയായി കാണരുത്. സർക്കാരിലെ ഉന്നതരുടെ മുഖങ്ങളാണ് ഫ്ളക്സ് ബോർഡുകളിലുള്ളത്. സർക്കാർ തന്നെ നിയമം ലംഘിക്കുമ്പോൾ ആരോടു പറയാനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പാതയോരങ്ങളിലെ അനധികൃത കൊടി തോരണങ്ങളും ഫ്ളക്സ് ബോർഡുകളും നീക്കണമെന്ന ഹർജികൾ ബുധനാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കൊച്ചി നഗരത്തിൽ സ്ഥാപിച്ച ബോർഡുകൾ നീക്കാത്തതിനെക്കുറിച്ച് വ്യവസായ വകുപ്പു സെക്രട്ടറി വിശദീകരണം നൽകാൻ ജനുവരി 24ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ രണ്ടു ദിവസം കൂടി സർക്കാർ സമയം തേടിയതിനെ സിംഗിൾബെഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ ഇനി വീഴ്ചയുണ്ടായാൽ ബുധനാഴ്ച വ്യവസായ വകുപ്പു സെക്രട്ടറി നേരിട്ട് ഹാജരാകണം.

കൊച്ചിയിലെ മാലിന്യ നിർമാർജ്ജന കോൺഫറൻസിന്റെ ഭാഗമായി റോഡ് മുഴുവൻ ബോർഡുകളാണ്. ഉത്തരവുകൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോല്പിക്കാമെന്നാണ് കരുതുന്നത്. റോഡിലെ ഫ്ളക്സുകൾ നീക്കിയില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപം നൽകിയ പ്രാദേശിക സമിതികളെക്കൊണ്ട് എന്തു പ്രയോജനം? സർക്കാർ ഫ്ളക്സ് ബോർഡുകൾ വയ്ക്കും. നഗരസഭ നീക്കം ചെയ്യും. ഇതാണ് അവസ്ഥ. ഇതു കോടതിയെ കളിയാക്കുന്നതിന് തുല്യമാണ് - ഹൈക്കോടതി പറഞ്ഞു

തിരുവനന്തപുരത്ത് ദയനീയം: അമിക്കസ് ക്യൂറി

തിരുവനന്തപുരം നഗരസഭാ പരിധിയിൽ രണ്ടാഴ്‌ച മുമ്പത്തേതിനെക്കാൾ പരിതാപകരമാണ് സ്ഥിതിയെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പേട്ടയിൽ ഒരു പാർട്ടിയുടെ ബൂത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് റോഡിന്റെ മറുവശത്തെ കാഴ്‌ച മറയ്ക്കുന്ന തരത്തിലാണ് ഫ്ളക്സ് ബോർഡ് വച്ചിട്ടുള്ളത്. പാതയോരങ്ങളിലേറെയും സർക്കാർ ബോർഡുകളാണ്. ഇപ്പോൾ ഉത്സവങ്ങളുടെ ബോർഡുകളും വന്നിട്ടുണ്ട്. അനധികൃത ബോർഡുകൾ മാറ്റാൻ പൊലീസ് സഹായം ലഭിച്ചില്ലെന്ന് നഗരസഭയും അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ സർക്കാർ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.