ഗണേഷിനോട് മുഖ്യമന്ത്രി: മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കേണ്ട

Tuesday 07 February 2023 2:19 AM IST

തിരുവനന്തപുരം: വലതുപക്ഷ മാദ്ധ്യമങ്ങൾ സംഘടിതമായി എൽ.ഡി.എഫിനെ ആക്രമിക്കുന്ന അവസരത്തിൽ ആ മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കുന്ന പണി നമ്മളായിട്ട് നൽകേണ്ടതില്ലെന്ന്, ഇടത് എം.എൽ.എമാരുടെ യോഗത്തിൽ കേരള കോൺഗ്രസ്-ബി ചെയർമാൻ കെ.ബി. ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടത് എം.എൽ.എമാരുടെ കഴിഞ്ഞ യോഗത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ച ഗണേഷ് കുമാറിനെ പേരെടുത്ത് പറയാതെയായിരുന്നു രൂക്ഷമായ ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ മറുപടി. . ഗണേഷ് യോഗത്തിലില്ലായിരുന്നു. കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു ഗണേഷിന്റെ വിമർശനം.

എൽ.ഡി.എഫിൽ ചർച്ചകളില്ലെന്നും ,മണ്ഡലത്തിൽ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നുമുള്ള വാർത്ത മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. എൽ.ഡി.എഫിൽ നയപരമായ കാര്യങ്ങളെല്ലാം ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്. ചർച്ചയില്ലാതെ അവിടെ ഒരു നയതീരുമാനവും എടുത്തിട്ടില്ല. അത് എൽ.ഡി.എഫ് യോഗത്തിൽ വരുന്നവർക്കല്ലേ അറിയാൻ പറ്റൂ. . ഇത്തരമൊരു കാര്യം എങ്ങനെയാണ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് ചോദിച്ച .മുഖ്യമന്ത്രി,

ഗണേഷിന്റെ പത്തനാപുരം മണ്ഡലത്തിൽ സർക്കാർ ഇതിനകം നടത്തിയ പ്രവൃത്തികളുടെയും അനുവദിച്ച കിഫ്ബി പദ്ധതികളുടെയും കണക്കുകളും വിവരിച്ചു. ആ മണ്ഡലത്തിൽ മാത്രം 475 കോടിയുടെ കിഫ്ബി പദ്ധതികളാണിപ്പോൾ നടന്നുവരുന്നത്. 100 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായി. പകുതി പ്രവൃത്തികൾ

നിർമ്മാണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.