പന്മന ആശ്രമത്തിൽ സത്സംഗം

Tuesday 07 February 2023 2:29 AM IST

കരുനാഗപ്പള്ളി: സർവഭൂത ദയയുടെ ആചാര്യനായിരുന്നു ചട്ടമ്പിസ്വാമിയെന്ന് രമണചരണ തീർത്ഥ നൊച്ചൂർ വെങ്കിട്ടരാമൻ അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ ആത്യന്തികമായി എത്തേണ്ടത് ശാന്തിയിലും സന്തുഷ്ടിയിലുമാണ്. അതിന് സഹായിക്കുന്നതാണ് ഭക്തിയും യോഗയും ജ്ഞാനവും. സർവ്വജ്ഞനും ഋഷിയുമായ ചട്ടമ്പിസ്വാമിയുടെ ജീവിതവും പ്രബോധനങ്ങളും പരമമായ ഭക്തിയിലേക്കും ജ്‌ഞാനത്തിലേക്കും സമൂഹത്തെ നയിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാമി സർവാനന്ദ തീർത്ഥപാദർ, ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ,​ ഓഫീസ് കോ ഓർഡിനേറ്റർ ജി.ബാലചന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു. സ്വാമി സർവാത്മാനന്ദ തീർത്ഥപാദർ സ്വാഗതവും ഡോ. കെ.പി.വിജയലക്ഷ്മി നന്ദിയും പറഞ്ഞു.