കൊല്ലം ട്രാൻ. ഡിപ്പോയിൽ കിഫ്ബി പരിശോധന

Tuesday 07 February 2023 2:42 AM IST

കൊല്ലം: അഷ്ടമുടി കായലിന്റെ ടൂറിസം സാദ്ധ്യത കൂടി പ്രയോജനപ്പെടുത്തുന്ന സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ ഹൈടെക്ക് ആക്കുന്ന പദ്ധതിയുടെ ഭാഗമായി കിഫ്ബി സംഘം സ്ഥല പരിശോധന നടത്തി. പദ്ധതിക്കായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ തയ്യാറാക്കിയ പ്രാഥമിക രൂപരേഖയുമായി ബന്ധപ്പെടുത്തിയായിരുന്നു കിഫ്ബിയുടെ പരിശോധന.

34 കോടിയുടെ രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ച് പുതിയ സമുച്ചയമാണ് ലക്ഷ്യമിടുന്നത്. ലിങ്ക് റോഡിനോട് ചേർന്നുള്ള ഭാഗത്ത് വിനോദ സംവിധാനങ്ങളോട് കൂടിയ പാർക്ക്, പാർക്കിംഗ് കേന്ദ്രം, തൊട്ടുചേർന്ന് അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വാദിക്കാൻ കഴിയുന്ന തരത്തിലുള്ള ബഹുനില കെട്ടിടവുമാണ് രൂപരേഖയിലുള്ളത്. കായലിന് അഭിമുഖമായുള്ള ഭാഗത്ത് ഷോപ്പിംഗ് കോംപ്ലോക്സും മുകളിൽ സഞ്ചാരികൾക്ക് തങ്ങാനുള്ള ആധുനിക നിലവാരത്തിലുള്ള മുറികളുമാണ്. മറുഭാഗത്ത് നിലവിൽ ഗ്യാരേജ് കൂടി സ്ഥിതി ചെയ്യുന്ന സ്ഥലം പ്രയോജനപ്പെടുത്തിയാകും പുതിയ ഡിപ്പോ ഓഫീസ്. നിലവിൽ ഡിപ്പോ കെട്ടിടത്തിൽ പരിമിതമായ കടമുറികൾ മാത്രമാണുള്ളത്. സ്ഥല സാദ്ധ്യത പ്രയോജനപ്പെടുത്തി ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്ന സമുച്ചയമാണ് ലക്ഷ്യമിടുന്നത്. 2021- 22ലെ ബഡ്ജറ്റിലാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി കൊല്ലം ഡിപ്പോയുടെ ആധുനികവത്കരണം പ്രഖ്യാപിച്ചത്.

ഫണ്ട് നൽകാൻ എം.എൽ.എ

നിർമ്മാണ പ്രവർത്തനങ്ങൾക്കായി എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടി വരും. അപ്പോൾ ഡിപ്പോ ഓഫീസ് പ്രവർത്തിപ്പിക്കാൻ സ്ഥലമുണ്ടാകില്ല. അത്തരം സാഹചര്യം ഒഴിവാക്കാൻ നിലവിലെ രൂപരേഖ പ്രകാരം ഡിപ്പോ ഓഫീസ് കെട്ടിടം ആദ്യമേ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിന് എം.മുകേഷ് എം.എൽ.എ തയ്യാറാണ്. അങ്ങനെ വന്നാൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാണിജ്യ സമുച്ചയവും രൂപരേഖയിലുള്ള മറ്റൊരു ഘടകമായ ഫ്യുവൽ സെന്ററും നിർമ്മിച്ചാൽ മതിയാകും.

ഗ്യാരേജ് എങ്ങോട്ട് ?

പുതിയ രൂപരേഖയിൽ നിലവിൽ ഗ്യാരേജ് പ്രവർത്തിക്കുന്നിടത്താണ് ഡിപ്പോ ഓഫീസ് ലക്ഷ്യമിട്ടിരിക്കുന്നത്. അപ്പോൾ ഗ്യാരേജ് എങ്ങോട്ട് മാറ്രുമെന്ന ചോദ്യം ഉയരുന്നുണ്ട്. ആണ്ടാമുക്കത്ത് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് ഗ്യാരേജ് മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതിനുള്ള ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കണമെന്നും ജീവനക്കാർ പറയുന്നു.

Advertisement
Advertisement