മുക്കുപണ്ടം തട്ടിപ്പ്,​ യുവാവ് അറസ്റ്റിൽ

Tuesday 07 February 2023 2:46 AM IST

കൊല്ലം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതിയെ പൊലീസ് പിടികൂടി. കാട്ടിൽ കടവ് ആദിനാട് തെക്ക് പുത്തൻ വീട്ടിൽ ഗുരുലാലിനെയാണ് (26) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ആദിനാട് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 42 ഗ്രാം മുക്കുപണ്ടം പണയം വച്ച് 1,50,000 രൂപയാണ് തട്ടിത്. കഴിഞ്ഞ ജനുവരിയിൽ ആഡംബര വാഹനത്തിലെത്തി മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഗുരുലാൽ ഉൾപ്പെട്ട സംഘത്തെ ചവറ പൊലീസ് പിടികൂടിയിരുന്നു. വിവരം അറിഞ്ഞ് സംശയം തോന്നിയ സ്ഥാപന മാനേജർ ആഭരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കലാധരൻ, ഷാജിമോൻ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.