ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവേ കേബിൾ കഴുത്തിൽ കുരുങ്ങി റോഡിലേക്ക് വീണു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
Tuesday 07 February 2023 10:06 AM IST
ആലപ്പുഴ: സ്‌കൂട്ടറിൽ യാത്ര ചെയ്യവേ കേബിൾ കഴുത്തിൽ തട്ടി റോഡിലേക്ക് വീണ സ്ത്രീ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽത്തറയിൽ വിജയന്റെ ഭാര്യ ഉഷ (56) യാണ് മരിച്ചത്. ഇടശ്ശേരി ജംഗ്ഷന് കിഴക്കുവശം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയതായിരുന്നു ഉഷയും വിജയനും. തിരിച്ച് സ്‌കൂട്ടറിൽ പോകുമ്പോൾ റോഡിനുകുറുകെ താഴ്ന്നുകിടന്ന ടി വി കേബിൾ കഴുത്തിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
വിജയനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. കേബിൾ കണ്ട് വിജയൻ തല വെട്ടിച്ചുമാറ്റി. എന്നാൽ ഉഷയുടെ കഴുത്തിൽ തട്ടിയതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.