ആനപ്പുറത്തുനിന്ന് ലാലേട്ടൻ പന്ത്രണ്ട് തവണ ചാടി, ഇനിയൊരു "ജയൻ ദുരന്തം" ഉണ്ടാകരുതെന്ന് പറഞ്ഞ് എല്ലാവരും വിലക്കിയ രംഗവും ചെയ്തു; കത്തിക്കൊണ്ടിരുന്ന ലോറി മോഹൻലാൽ ഓടിച്ചപ്പോൾ നടന്നത്

Tuesday 07 February 2023 3:21 PM IST

ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുൻപാണ് ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ സ്ഫടികം തീയേറ്ററുകളിലെത്തിയത്. 4കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ സിനിമ തീയേറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ഇതിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ട്രെയിലറിന് വന്നുകൊണ്ടിരിക്കുന്നത്.

സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് സ്ഫടികം ജോർജും, രൂപേഷും ഡോ. ആര്യയും. തോമസ് ചാക്കോയുടെയും തുളസിയുടെയും കുട്ടിക്കാലമാണ് രൂപേഷും ആര്യയും അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിംഗിനിടയിൽ ലാലേട്ടന് അപകടങ്ങൾ സംഭവിച്ചിരുന്നെന്ന് രൂപേഷ് പറയുന്നു.


'അഭിനയിക്കുന്നതിനിടയിൽ പല സമയങ്ങളിലായി ലാലേട്ടന് അപകടങ്ങൾ സംഭവിച്ചിരുന്നു. മൂപ്പര് ആനപ്പുറത്ത് നിന്ന് ചാടുന്ന ഫെയ്മസ് ഷോട്ടുണ്ടല്ലോ, അത് ഏകദേശം പന്ത്രണ്ട് പ്രാവശ്യം ചാടി. ഭദ്രനങ്കിൾ ഭയങ്കര പെർഫക്ഷനിസ്റ്റിന്റെ ആളായതുകൊണ്ട് ഈ ആനപ്പുറത്തുനിന്ന് ചാടുമ്പോൾ ലാലേട്ടന്റെ എക്‌‌സ്‌പ്രഷൻ നോക്കും. പന്ത്രണ്ടാമത്തെ വട്ടം ചാടിയപ്പോൾ അദ്ദേഹത്തിന്റെ കാലിന് എന്തോ പരിക്ക് പറ്റി. പിന്നെ ഒരു മാസം കഴിഞ്ഞാണ് ഷൂട്ട് ചെയ്തത്.'- നടൻ വ്യക്തമാക്കി.

ക്ലൈമാക്‌സ് ഷൂട്ടിനെക്കുറിച്ചും രൂപേഷ് വെളിപ്പെടുത്തി. 'പാലക്കാട് പാറമടയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് പുതിയ ലോറി ഷോറൂമിൽ നിന്ന് കൊണ്ടുവന്ന് എഞ്ചിനൊക്കെ മാറ്റി. ബാക്കിൽ നിന്ന് തള്ളിക്കൊടുത്താൽ മാത്രമേ വണ്ടി പോകത്തുള്ളൂ. ലാലേട്ടൻ അതിൽ ഇരിക്കണം. ലോറിയുടെ ബാക്കിൽ പെട്രോൾ ബോംബ് വച്ച് നിറച്ചിരിക്കുന്നു. വലിയൊരു തിരി ഇട്ടിരിക്കുകയാണ്. ക്ലൈമാക്‌സ് ഷൂട്ട് ആണ്. തിലകനങ്കിളൊക്കെ അവിടെയുണ്ട്. ആ സമയത്ത് ലാലേട്ടനെ അതിലിരുത്താൻ സമ്മതിക്കില്ലെന്ന് എല്ലാവരും പറഞ്ഞു. കാരണം, ഇനിയൊരു ജയൻ ദുരന്തം സംഭവിച്ചാലോ.അപ്പോഴും ഭദ്രനങ്കിൾ ലാലേട്ടനെ നോക്കിയിട്ട് പറ്റുമോ എന്ന് ചോദിച്ചു. ലാലേട്ടൻ പിന്നെന്താ എന്നും പറഞ്ഞ് ചാടിക്കയറി.

ലോറിയിൽ ലാലേട്ടൻ ഇരിക്കുന്നു. ഒരു സൈഡിൽ നിന്ന് തീ ഇങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. മൂപ്പർ ലോറി ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ കണ്ട കാര്യമാണ് പറയുന്നത്. ഭദ്രനങ്കിൾ ചാടാൻ പറഞ്ഞതും ലാലേട്ടൻ ചാടി. ലാലേട്ടന്റെ കാലൊന്ന് ഇടറിപ്പോയി. ലോറി വന്നിടിച്ചു, പൊട്ടിയില്ല.നാലഞ്ച് ക്യാമറയുണ്ട്. പത്തിരുപത് സെക്കൻഡ് കഴിഞ്ഞപ്പോഴാണ് ബ്ലാസ്റ്റ് ഉണ്ടായത്. ഭയങ്കര എക്‌സ്‌പെൻസീവായ ഷോട്ടാണ്.

റിസ്‌കി ഷോട്ട്‌സ് എന്ന് പറഞ്ഞാൽ ലാലേട്ടനെ കഴിഞ്ഞേയുള്ളൂ. റിസ്‌കാണ് ഞാൻ ചെയ്യില്ലെന്ന് മൂപ്പരിപ്പോഴും പറയില്ല. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും.അതൊരു വല്ലാത്ത മനുഷ്യനാണ്.'- രൂപേഷ് പറഞ്ഞു.

Advertisement
Advertisement