ആനവണ്ടിയിലെ നഗരയാത്ര വൻ ഹിറ്റ്; കോഴിക്കോട് ഒരാഴ്‌ചയ്‌ക്കകം ലഭിച്ചത് 70000 രൂപ, അന്വേഷിച്ചെത്തുന്നത് ആയിരത്തിലധിതം കോളുകൾ

Tuesday 07 February 2023 9:19 PM IST

കോഴിക്കോട്: നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ഒരുക്കിയ പുതിയ സർവീസ് വമ്പൻ ഹിറ്റ്. യാത്രയ്ക്കായി നിരവധി സ്‌കൂളുകളിൽ നിന്നും അല്ലാതെയും ദിവസവും ആയിരത്തിലധികം കോളുകളാണ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ എത്തുന്നത്. പലതും അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെയ്ക്കുകയാണ്. അപേക്ഷകൾ കൂടിയതോടെ സർവീസുകളുടെ എണ്ണം കൂട്ടാൻ ഒരുങ്ങുകയാണ് അധികൃതർ.

'കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര' എന്ന പേരിൽ ഫെബ്രുവരി ഒന്ന് മുതലാണ് സർവീസ് ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി പ്ലാനിറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയർ എന്നിവിടങ്ങളിലേക്കാണ് വിദ്യാർത്ഥികളുമായുള്ള യാത്ര.

ഈ യാത്രയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌കൂളുകളിൽ നിന്ന് നിരവധി അപേക്ഷകൾ ഇതിനോടകം എത്തിക്കഴിഞ്ഞു. കൂടാതെ ധാരാളം അന്വേഷണങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും അധികൃതർ പറയുന്നു.

ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം എന്നതാണ് യാത്രയുടെ പ്രത്യേകത. ദിവസവും ഒരു സർവീസാണുള്ളത്. ഒരു ബസിൽ 50-60 വിദ്യാർത്ഥികളുമായാണ് യാത്ര. 50 പേർ വീതമാണ് ഓരോ സർവീസിലും ഉണ്ടായിരിക്കുക. ഇതിന് 200 രൂപ മാത്രമാണ് ഈടാക്കുന്ന നിരക്ക്. അതിനാൽ തന്നെ ഒട്ടേറെ പേരെ ആകർഷിക്കാനായിട്ടുണ്ട്. ജില്ലയിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് ആനവണ്ടിയിൽ യാത്ര തുടങ്ങിയത് ഹിറ്റായതിന്റെ പശ്ചാത്തലത്തിലാണ് നഗരം ചുറ്റിക്കാണൽ സർവീസ് തുടങ്ങിയത്.