വിദ്യാർത്ഥികൾക്ക് വിനോദയാത്ര

Wednesday 08 February 2023 12:37 AM IST
ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്രയിൽ നിന്ന്

വടകര: ആടിയും പാടിയും നൃത്തംവെച്ചും പ്രകൃതി ഭംഗി ആസ്വദിച്ചും വിനോദയാത്ര ഉല്ലാസകരമാക്കി ഭിന്നശേഷി വിദ്യാർത്ഥികൾ. അഴിയൂർ പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾക്കാണ് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചത്. ആയഞ്ചേരിയിലെ സ്വകാര്യ പാർക്ക്, സാൻഡ്ബാങ്ക്സ്, വാഗ്ഭടാനന്ദ പാർക്ക് എന്നിവിടങ്ങളിലാണ് രക്ഷിതാക്കളോടും അദ്ധ്യാപകരോടും ജനപ്രതിനിധികളോടുമൊപ്പം ഭിന്നശേഷി വിദ്യാർത്ഥികൾ വിനോദയാത്ര നടത്തിയത്. അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രൻ പി.കെ, സാലിം പുനത്തിൽ, അദ്ധ്യാപിക പുഷ്പ, സ്കൂൾ വർക്കർ ഷൈജ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ്, പ്രകാശ് ബാബു മറ്റ് രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.