പത്തനംതിട്ട നഗരത്തിൽ പാഴായി മൂന്ന് നിർമ്മിതികൾ, റസ്റ്റ് ഇൻ 3 പീസസ്

Wednesday 08 February 2023 12:46 AM IST
വിശ്രമ കേന്ദ്രം

പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡിന് സമീപം പാഴായി മൂന്ന് നിർമ്മിതികൾ. 1) പണി പൂർത്തിയായിട്ടും തുറന്ന് നൽകാത്ത വിശ്രമ കേന്ദ്രം, 2) കുടുംബശ്രീയുടെ നഗരച്ചന്ത, 3) നിർമ്മാണം നിലച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം. നഗരത്തിൽ ഏറ്റവും തിരക്കേറിയ ഭാഗത്താണ് മൂന്ന് നിർമ്മിതികൾ കാടുകയറി നശിക്കുന്നത്. മൂന്ന് നിർമ്മിതികളും ഇപ്പോൾ വിശ്രമത്തിലാണ്.

വിശ്രമകേന്ദ്രം വിശ്രമത്തിൽ

എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രമാണിത്. ജില്ലാ ആസ്ഥാനത്തെത്തുന്ന സ്ത്രീകളും മറ്റുയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി തയാറാക്കിയ പദ്ധതിയാണെങ്കിലും ഇതുവരെ കെട്ടിടം തുറന്ന് നൽകിയിട്ടില്ല. 2019ൽ റോസ്ലിൻ സന്തോഷ് നഗരസഭാദ്ധ്യക്ഷയായപ്പോഴാണ് വിശ്രമകേന്ദ്രത്തിനായി നഗരസഭയുടെ സ്ഥലം വിട്ടുനൽകിയത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല. 65 ലക്ഷം രൂപ പദ്ധതി ചെലവായി. രണ്ടുനില കെട്ടിടത്തിന് 2400 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഭക്ഷണ സൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ, ശുചിമുറികൾ, മുലയൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവർക്കും മുറികൾ, ഇൻഫർമേഷൻ സെന്റർ, പുസ്തകശാല തുടങ്ങിയ ക്രമീകരണങ്ങൾ കെട്ടിടത്തിലുണ്ട്. ഭക്ഷ്യവകുപ്പിന്റെ ബഡ്ജറ്റ് ഹോട്ടൽ തുടങ്ങാനും ആലോചനയുണ്ടായിരുന്നു.

നഗരച്ചന്ത കിയോസ്ക് പൂട്ടി !

കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത കുടുംബശ്രീ പ്രവർത്തകർക്ക് നൽകാൻ തീരുമാനിച്ച കിയോസ്ക് ആണിത്. കുമ്പഴയിൽ ഇതിന് സമാനമായ നഗരച്ചന്ത കിയോസ്ക് പ്രവർത്തിക്കുന്നുണ്ട്.

മുനിസിപ്പാലിറ്റികളിലെ കുടുംബശ്രീ സംഘങ്ങൾ കൃഷിചെയ്ത കാർഷിക വിളകൾ വിൽക്കാനാണ് നഗരച്ചന്ത എന്ന പേരിൽ അർബൻ വെജിറ്റബിൾ കിയോസ്‌കുകൾ ആരംഭിച്ചത്. കുടുംബശ്രീ സംഘങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ നഗരപ്രദേശങ്ങളിൽ വിപണനം നടത്തുക, മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, വിഷരഹിത പച്ചക്കറികൾ നഗരവാസികൾക്ക് ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. കുടുംബശ്രീ കർഷകർക്കും മറ്റുകർഷകർക്കും നഗരച്ചന്തയിൽ കാർഷിക വിളകൾ വിൽക്കാം. നഗരച്ചന്തയുടെ നടത്തിപ്പ് താൽപര്യമുള്ള കൃഷി സംഘങ്ങളെ ഏൽപ്പിക്കാം. ജില്ലാമിഷന്റെ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ മുടക്കിയാണ് കിയോസ്‌ക് നിർമ്മിച്ചത്. കിയോസ്‌കിന്റെ പ്രവർത്തനത്തിനും അനുബന്ധഫണ്ടിനുമായി 86,000 രൂപ വരെ റിവോൾവിംഗ് ഫണ്ടായി സി.ഡി.എസിന് നൽകാം. ജില്ലാ മിഷനാണ് നഗരച്ചന്തകളുടെ ചുമതല.

കാട് മൂടി ടേക്ക് എ ബ്രേക്ക്

നഗരസഭാ പരിധിയിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് ചുറ്റും കാടും പടർപ്പും നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിന്റെ നിർമ്മാണം പാതിയിൽ നിലച്ചിരിക്കുന്നു. കരാറെടുത്ത ഏജൻസി പണി പാതിവഴിയിൽ അവസാനിപ്പിച്ചു. കുമ്പഴ എൻ.യു.എച്ച്.എം, ടൗൺ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവയടക്കം 35 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഏജൻസിക്ക് കൈമാറിയിരുന്നത്. ടേക്ക് എ ബ്രേക്കിന് മാത്രമായി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. നിലവിൽ ഈ പദ്ധതികളെല്ലാം നിലച്ചമട്ടാണ്.

Advertisement
Advertisement