കാപ്പൊലി, കാവറിവുകളുടെ സംഗമം, പടയണി പഠന കളരി 10മുതൽ

Wednesday 08 February 2023 12:50 AM IST

പത്തനംതിട്ട : മദ്ധ്യതിരുവിതാംകൂറിന്റെ തനത് അനുഷ്ഠാന കലയായ പടയണിക്കായി കേരള ഫോക്‌ലോർ അക്കാഡമി മൂന്നുദിവസം നീളുന്ന പഠന കളരി സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലേയും സമീപ ജില്ലകളിലേയുമായി മുപ്പതിലധികം കളരികളിലെ ആശാൻമാരും കലാകാരൻമാരും പങ്കെടുക്കും. ഫെബ്രുവരി പത്തുമുതൽ പന്ത്രണ്ട് വരെ ആറൻമുള കിടങ്ങന്നൂർ പള്ളിമുക്കം ദേവീക്ഷേത്രത്തിലെ പടയണി കളരിയിലാണ് ക്യാമ്പ് നടക്കുന്നത്. പത്തിന് വൈകിട്ട് ഏഴിന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാവും. പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ളയുടെ മേൽനോട്ടത്തിൽ പ്രസന്നകുമാർ തത്വമസിയാണ് ക്യാമ്പ് നയിക്കുന്നത്. പതിനൊന്ന്, പന്ത്രണ്ട് തീയതികളിലായി പടയണി പഠനകളരികൾ നടക്കും. പടയണിക്കരകളിലെ കലാകാരൻമാർ മോഡറേറ്റർമാരാകും. പടയണിയിലെ ദേശഭേദങ്ങൾ, തപ്പുമേളം, കോലം തുള്ളൽ, കോലമെഴുത്ത്, കോലപ്പാട്ട്, വിനോദം, അടവി തുടങ്ങിയ വിഷയങ്ങളിലാകും ചർച്ചകൾ. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ ഗവേഷകർ പങ്കെടുക്കുന്ന സെമിനാറുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും.

രാത്രി പടയണിയിലെ അപൂർവമായ കോലങ്ങളുടെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കളരിയിൽ നിന്ന് ആശാനടക്കം അഞ്ചുപേർ വീതം പങ്കെടുക്കും. വെള്ളിയാഴ്ച മുതൽ ഞായർ വരെ ക്യാമ്പിൽ താമസിക്കുന്ന രീതിയിലാണ് ക്രമീകരണം. പടയണി ഏകോപനസമിതിയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പടയണിയെ ആഗോളശ്രദ്ധയിലേക്കും യുനസ്‌കോയുടെ പൈതൃകപ്പട്ടികയിലടക്കം ഉൾപ്പെടുത്തും വിധമുള്ള വിശാലമായ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് ക്യാമ്പ്.

11ന് രാത്രി 7ന് പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ളയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കും. അനിൽ വള്ളിക്കോടും സംഘവുമാണ് ഡോക്യുമെന്ററി ഒരുക്കിയത്.

12ന് സമാപന സമ്മേളനം ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അക്കാഡമി അംഗം സുരേഷ് സോമ അദ്ധ്യക്ഷനായിരിക്കും. ആറൻമുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ ടി.ആർ.സദാശിവൻനായർ മുതിർന്ന ആശാൻമാരെ ആദരിക്കും.

വാർത്താസമ്മേളനത്തിൽ ഫോക്‌ലോർ അക്കാദമി അംഗം സുരേഷ് സോമ, ക്യാമ്പ് ഡയറക്ടർ പ്രസന്നകുമാർ തത്വമസി, കൺവീനർ സന്തോഷ് പുളിയേലിൽ, അനിൽ വള്ളിക്കോട്, അശോകൻ മാവുനിൽക്കുന്നതിൽ, വിനു മോഹനൻ കുരമ്പാല എന്നിവർ പങ്കെടുത്തു.